മനാമ : പ്രളയവും, കോവിഡ് 19 മൂലവും തകർന്ന കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ പുനരുദ്ധരിക്കാൻ യാതൊരു പദ്ധതിയും ഇല്ലാത്ത ബഡ്ജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.കടമെടുത്തുകൊ ണ്ട് അഞ്ച് വർഷക്കാലം ധൂർത്തിനും, സ്വജനപക്ഷപാതത്തിനും വേണ്ടി പണം വിനിയോഗിച്ച സർക്കാരാണിത്. 197 മിനിറ്റ് ബഡായി ആണ് ഇന്ന് നമ്മുടെ നിയമസഭ സാക്ഷ്യം വഹിച്ചത്. ബഡ്ജറ്റിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ മാത്രമാണ്. യാഥാർഥ്യ ബോധ്യം ഇല്ലാത്ത ബഡ്ജറ്റാണ്.കഴിഞ്ഞ അറുപത് വർഷക്കാലമായി കേരളത്തിന്റെ പൊതു കടം ഒരുലക്ഷത്തിഅറുപതിനായിരം കോടി രൂപ ആയിരുന്നത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മൂന്ന് ലക്ഷത്തിഇരുപതിനായിരം കോടി എന്ന നിലയിലേക്ക് വർധിച്ചു എന്നല്ലാതെ കേരളത്തിന് യാതൊരുവിധ പ്രയോജനവും ഉണ്ടായില്ല. പുതിയ ഒരു സംരംഭംപോലും ആരംഭിക്കാൻ സാധിച്ചില്ല. എല്ലാ വിഭാഗം ജനങ്ങളെയും കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ആണ് ബഡ്ജറ്റിൽ ഉള്ളത്. നടത്തിയ പ്രഖ്യാപനങ്ങൾക്ക് ഉള്ള തുക എവിടെ നിന്ന് കണ്ടെത്തും എന്ന് ഒരിടത്തും പറയുന്നില്ല.
പ്രവാസി പെൻഷൻ വർധിപ്പിക്കാൻ ഉള്ള പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു എങ്കിലും പ്രവാസികളുടെ നിരവധി വർഷങ്ങളായി ഉള്ള ആവശ്യം മിനിമം പെൻഷൻ അയ്യായിരം രൂപ ആക്കണം എന്നത്. അതിനുവേണ്ട പ്രഖ്യാപനങ്ങൾ തുടർന്ന് നടക്കുന്ന ബഡ്ജറ്റ് ചർച്ചകളിൽ മന്ത്രിക്ക് പ്രഖ്യാപിക്കാൻ സാധിക്കും. അതിന് പ്രവാസി സംഘടനകളുടെ സമ്മർദ്ദം ഉണ്ടാകണം. പ്രവാസി പെൻഷൻ സർക്കാരിന്റെ സൗജന്യം അല്ല, പ്രവാസികൾ വർഷങ്ങളായി അടക്കുന്ന വിഹിതത്തിൽ നിന്നാണ് നൽകുന്നത്. ആ രീതിയിൽ പുനക്രമീകരണം നടത്തിയാൽ പെൻഷൻ തുക ഉയർത്തുവാൻ സാധിക്കും.
ഗൾഫ് നാടുകളിൽ നിന്ന് സ്വദേശിവത്കരണം മൂലവും, കോവിഡ് വ്യാപനം മൂലവും ലക്ഷകണക്കിന് പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയത്. ഇങ്ങനെ എത്തിയ ആളുകൾക്ക് തങ്ങളുടെ യോഗ്യത അനുസരിച്ച് ഉള്ള ജോലികൾ നൽകാൻ ഒരു പദ്ധതിയും കാണുവാൻ സാധിക്കുന്നില്ല. തിരികെ എത്തിയതിൽ എൺപത് ശതമാനം ആളുകളും ലേബർ വിഭാഗത്തിലോ, യന്ത്രവത്കൃത ജോലികളോ ചെയ്തു പ്രവർത്തി പരിചയം ഉള്ള ആളുകളാണ്. ഇങ്ങനെ യുള്ളവർക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ മറ്റ് വ്യവസായ പാർക്കുകളിലോ ജോലി ലഭ്യമാക്കുവാൻ സർക്കാർ സംരഭങ്ങൾ ആരംഭിക്കുകയാണ് അഭികാമ്യം. അങ്ങനെയുള്ള പ്രഖ്യാപനങ്ങൾ ഒന്നും കാണുവാൻ സാധിക്കുന്നില്ല. ഇരുപത് ലക്ഷം പേർക്ക് അഞ്ച് വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ജോലി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മന്ത്രിമാരുടെ ബന്ധുക്കൾക്കും, പാർട്ടി അണികൾക്കും മാത്രമാണ് ജോലി കിട്ടിയിട്ടുള്ളത്.കിറ്റ് കൊടുത്തുകൊണ്ട് മാത്രം പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ അല്ല നമ്മുടെ സംസ്ഥാനത്തെ പാവപ്പെട്ട ആളുകൾ അഭിമുഖീകരിക്കുന്നത്. സൗജന്യ വിദ്യാഭ്യാസം ആണ് പതിറ്റാണ്ടുകളായി നമ്മൾ നൽകി വന്നിരുന്നത്. കോവിഡ് മൂലം സ്കൂളിൽ പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പും, ഇന്റർനെറ്റ് കണക്ഷനും എങ്കിലും സൗജന്യമായി നൽകുവാനുള്ള പ്രഖ്യാപനം ഈ ബഡ്ജറ്റിൽ ഉൾപെടുത്തേണ്ടതാണ്. ഇപ്പോൾ കെ എസ് എഫ് ഈ മുഖേന ലോൺ ആണ് ലഭ്യമാക്കുന്നത്. ഇത് പാവപ്പെട്ട ആളുകൾക്ക് താങ്ങുവാൻ സാധിക്കുന്നതല്ല. അടുത്ത വർഷം എല്ലാ വീട്ടിൽ ലാപ്ടോപ് എന്ന പ്രഖ്യാപനം വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ളതാണ്. പാലക്കാട് കുഴൽമന്ദം സ്കൂളിൽ പഠിക്കുന്ന സ്നേഹ എന്ന കുട്ടിയുടെ കവിത വായിച്ചുകൊണ്ടാണ് മന്ത്രി ബാഡ്ജ്റ്റ് അവതരണം തുടങ്ങിയത്.സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ എല്ലാം ഹൈടെക് സ്കൂളുകളാക്കി മാറ്റി എന്ന് വീമ്പുപറഞ്ഞു നടന്നവരുടെ യാഥാർഥ്യം അവതരണം കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ വഴി കുഴൽമന്ദo സ്കൂൾ കണ്ടപ്പോൾ ജനങ്ങൾക്ക് മനസ്സിലായി.ജനശ്രദ്ധ പിടിച്ചുപറ്റാൻ ഉള്ള പൊടികൈകൾ മാത്രമാണ് ധനമന്ത്രി പ്രഖ്യാപിച്ച ബഡ്ജറ്റിൽ ഉള്ളത് എന്ന് ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.