മനാമ : ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ എംബസിയും, ബഹറിൻ കൾച്ചറൽ അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ കലാസന്ധ്യയായ ഇൻഡോ – ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിന്റെ ഏഴാം ദിവസം തിങ്ങിനിറഞ്ഞ കാണികളെ ആവേശക്കടലാക്കി “ബുദ്ധ – ദി ഡിവൈൻ ” എന്ന കലാ വിരുന്ന് അരങ്ങേറി. ഗൗതം ബുദ്ധയുടെ ജീവിത കഥ അദ്ദേഹതിന്റെ പത്നി ദേവി യശോദരയുടെ വീക്ഷണകോണിൽ നിന്ന് കൊണ്ട് അവതരിപ്പിച്ച “ബുദ്ധ ദി ഡിവൈൻ” ശബ്ദവും വെളിച്ചവും വിഷ്വൽ എഫക്ട്സുകളും കൊണ്ട് അക്ഷരാർത്ഥത്തിൽ വർണ്ണവിസ്മയം തീർക്കുന്നതായിരുന്നു.
ശുദ്ധോർത്ഥന മഹാരാജാവിന്റെയും മായാദേവിയുടെയും മകനായ സിദ്ധാർത്ഥയുടെ ജീവിതസപര്യയുടെ നൃത്താവിഷ്കാരം നാട്യവും നടനവും ചേർന്ന് തത്തുല്യമായി അവതരിപ്പിച്ച ബുദ്ധ കാഴ്ചക്കാരിൽ വലിയ ആവേശ തിരയിളക്കുന്നതായി.
കമല, മെലൂഹ എന്നീ വ്യത്യസ്തങ്ങളായ സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയയായ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരിയും നൃത്താധ്യാപികയുമായ വിദ്യാശ്രീയാണ് “ബുദ്ധ” ക്ക് രചനയും കോറിയോഗ്രാഫിയും സംവിധാനവും നിർവ്വഹിച്ചതും പ്രധാന വേഷമായ യശോദരയെ അവതരിപ്പിക്കുകയും ചെയ്തത്. അരങ്ങിലും അണിയറയിലുമായി എഴുപത്തിൽ പരം കലാകാരന്മാർ അണിനിരന്ന ഈ മാജിക്കൽ നൃത്താവിഷ്‌കാരത്തിന് സംഗീതത്തിലൂടെ നാദവിസ്മയം തീർത്തത് പാലക്കാട്ട് ശ്രീരാമും അതിശയിപ്പിക്കുന്ന വെളിച്ചവിതാനത്തിലൂടെ ഓരോ രംഗവും ആസ്വാദകരുടെ മനസ്സിൽ കോറിയിട്ടത് പ്രശസ്ത തിയ്യറ്റർപ്ലേ ഡയറക്ടറും സെറ്റ് ഡിസൈനറുമായ ഡോ.സാംകുട്ടി പട്ടംങ്കരിയുമാണ്.