ന്യൂഡല്‍ഹി: ജാപ്പനീസ് ക്യാമറ നിര്‍മ്മാതാക്കളായ കനോണ്‍ ഇഒഎസ് 5ഡി മാര്‍ക്ക് 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. 4കെ വീഡിയോ റെക്കോര്‍ഡിങ്ങും ടച്ച്സ്ക്രീന്‍ ഇന്റര്‍ഫേസുമാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായുള്ള ഈ ക്യാമറയുടെ പ്രധാന സവിശേഷതകള്‍.30.4 മെഗാപിക്സല്‍ ഫുള്‍ ഫ്രെയിം സിമോസ് സെന്‍സറും അതിവേഗ ഫോക്കസിങ് വേഗത നല്കുന്ന ഡ്യുവല്‍ പിക്സല്‍ സിമോസ് എഎഫുമാണ് മാര്‍ക്ക് നാലില്‍ ഉള്ളത്. 7.0 ഫ്രെയിം പെര് സെക്കന്റോടെ ഡ്യുവല്‍ പിക്സല്‍ റോയും(DPRAW) മറ്റൊരു സവിശേഷതയാണ്.കുറഞ്ഞ വെളിച്ചത്തിലും ചിത്രമെടുക്കാന്‍ സഹായിക്കുന്ന DIGIC 6+ ഇമേജ് പ്രൊസസറും കൂടുതല്‍ മെച്ചപ്പെട്ട നോയ്സ് പ്രൊസസിങ് അള്ഗോരിതവുമാണ് ക്യാമറയില്‍ ഉള്ളതെന്ന് കനോണ്‍ അവകാശപ്പെടുന്നു. ഇന്‍ബില്‍റ്റ് ക്യാമറ ഡിജിറ്റല്‍ ലെന്‍സ് ഒപ്ടിമൈസറും പ്രൊസസറിനൊപ്പമുണ്ട്. വർക്ക് ഫോളോ തടയാതെ ജെപിഇജി ഫയലുകളിലെ തെറ്റുകള്‍ എളുപ്പം തിരുത്താന്‍ ഇത് ഉപകരിക്കും.
അതിവേഗ ഡാറ്റാ കൈമാറ്റത്തിനും ആപ്പ് വഴി ക്യാമറ ഉപയോഗിച്ചുള്ള റിമോട്ട് ഷൂട്ടിങ്ങിനും ഉപകരിക്കുന്ന ഇന്‍ബില്‍റ്റ് വൈഫൈ, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ്(എന്‍എഫ്സി) എന്നീ ഫീച്ചറുകളും ക്യാമറയിലുണ്ട്. സ്വയമേ ലൊക്കേഷന്‍ ഡേറ്റ റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറയ്ക്ക് സാധിക്കും. ഇന്‍ബില്‍റ്റ് ജിപിഎസും ക്യാമറയ്ക്കൊപ്പമുണ്ട്.