മനാമ: ബഹ്റൈൻ എല്ലാവർക്കുമുള്ളതാണെന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ ഫോർ ഓൾ’ ആഘോഷം ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ ബഹ്റൈൻ ബേയിൽ നടക്കും. സ്വദേശികളും വിദേശികളുമായി അരലക്ഷത്തോളം പേർ പരിപാടിയിൽ പങ്കടുക്കുമെന്ന് കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു.സഹിഷ്ണുതയുടെയും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും വിഭാഗങ്ങളെയും ബഹുമാനിക്കുന്നതിന്റെ സാക്ഷ്യപത്രമാണ് ഇന്ന് ബഹ്റൈനിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒമ്പതാമത് ബഹ്റൈൻ ഫോർ ഓൾ ഫെസ്റ്റിവലാണ് സംഘടിപ്പിക്കുന്നത്. തുടക്കം മുതൽ മികച്ച പ്രതികരണമാണ് പോതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്.
സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളുടെ ആഘോഷമാണ് ബഹ്റൈൻ ഫോർ ഓൾ ഫെസ്റ്റിവൽ. കാപിറ്റൽ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, മനാമ ഹെൽത്ത് സിറ്റി, തംകീൻ എന്നിവയാണ് ഫെസ്റ്റിവൽ പങ്കാളികൾ. പ്രാദേശിക സംരംഭകരുടെ 250 സ്റ്റാളുകളാണ് ഫെസ്റ്റിവലിലെ പ്രത്യേകത. ഇതിന് പുറമേ, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, ജോർഡൻ, തായ്ലൻഡ്, ബംഗ്ലാദേശ്, ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. 128 ചതുരശ്ര മീറ്റർ സ്റ്റേജാണ് ഇതിനായി സജ്ജീകരിക്കുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പരിപാടികളും ഉണ്ടാകും.