ഷാർജയിൽ കാർ നിയന്ത്രണം വിട്ട് റസ്റ്ററന്റിലേയ്ക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു.

sharja accidentഷാർജ: കാർ നിയന്ത്രണം വിട്ട് റസ്റ്ററൻ്റിലിടിച്ച് യുവാവ് മരിച്ചു. കാർ ഒാടിച്ചിരുന്ന 26കാരനായ ഇൗജിപ്ഷ്യൻ യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. ഷാർജ അൽ മജർറ കോർണിഷ് റോഡിലെ റാഡിസൻ ബ്ലു റൗണ്ടെബൗട്ടിനടുത്തെ സിറ്റി ടവർ റസിഡൻഷ്യൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റസ്റ്ററൻ്റിലേയ്ക്കാണ് യുവാവ് ഒാടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.

റോഡ് ഡിവൈഡറുകൾ കയറിയിറങ്ങിയ കാർ റസ്റ്ററൻ്റിന് പുറത്ത് ഭക്ഷണം കഴിക്കാൻ വച്ചിരുന്ന മേശയും കസേരകളും മറ്റു ഉപകരണങ്ങളും തകർത്ത് ചുമരിലിടിച്ചാണ് നിന്നത്. റസ്റ്ററന്‍റിന് പുറത്ത് നിന്നിരുന്നവർ കാർ പാഞ്ഞുവരുന്നത് കണ്ട് ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. തലയ്ക്ക് കാര്യമായ ക്ഷതമേറ്റ കാർ ഡ്രൈവർ തത്ക്ഷണം മരിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഹൃദ്രോഗിയാണ് യുവാവെന്നും സംഭവ സമയം രോഗബാധയുണ്ടായതിനാലാണ് കാർ നിയന്ത്രണം വിട്ടതെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

രോഗികൾ വാഹനമോടിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് പൊലീസ് നിർദേശിച്ചു. ജൂലൈ 17ന് അജ്മാൻ അൽ ഹാമിദിയ എപ്കോ പെട്രോൾ സ്റ്റേഷനിലുണ്ടായ സമാനമായ രീതിയിലുള്ള അപകടത്തിൽ മലയാളി സ്ത്രീയും ഇറാഖി ബാലനും മരിച്ചിരുന്നു. പെട്രോൾ സ്റ്റേഷനിൽ തന്റെ വാഹനം പാർക്കു ചെയ്യുന്നതിനിടെ 22 കാരനായ സ്വദേശിയ യുവാവിന് അപസ്മാരബാധയുണ്ടായതിനെ തുടർന്ന് റസ്റ്ററൻ്റിലേയ്ക്ക് പാഞ്ഞുകയറിയായിരുന്നു അപകടം.