മസ്കറ്റ് : 2022 ജനുവരി ഒന്നു മുതൽ മാളുകളും റസ്റ്റാറൻറുകളുമടക്കം ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേമന്റ് സംവിധാനം ഒരുക്കണമെന്ന് വ്യവസായ വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു.
നേരിട്ടുള്ള പണത്തിൻ്റെ കൈ മാറ്റം കുറക്കുന്നതിന് ഒപ്പം ഒമാൻ വിഷൻ 2040ൻ്റ ഭാഗമായി സമഗ്രമായ ഡിജിറ്റൽ സമൂഹമെമന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റ കൂടി ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഷോപ്പിങ് മാളുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, വാണിജ്യ സെൻററുകൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി ഷോപ്പുകൾ, ഭക്ഷ്യോൽപന്ന വിൽപനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പഴം-പച്ചക്കറി വിൽപന, ഇലക്ട്രോണിക് ഷോപ്പുകൾ, വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങൾ, ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങൾ, പുകയില വിൽപന സ്ഥാപനങ്ങൾ എന്നിവ നിർബന്ധമായും ഇ-പേമന്റ് സംവിധാനം ഒരുക്കണം. ഇ-പേമൻറ് സംവിധാനം ഒരുക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബാങ്കുകളും പേമൻറ് സേവന ദാതാക്കളുമായി ചേർന്ന് വ്യാപാരികൾക്ക് പി.ഒ.എസ് മെഷീനുകൾ ഇൻസ്റ്റലേഷൻ ഫീസും പ്രതിമാസ അല്ലെങ്കിൽ വാർഷിക ഫീസ് ഇല്ലാതെ ലഭ്യമാക്കും.
സെൻട്രൽ ബാങ്ക് നിശ്ചയിച്ചിട്ടുള്ള മർച്ചൻറ് ഫീസ് മാത്രം നൽകിയാൽ മതിയാകും. ഡെബിറ്റ് കാർഡ് വഴിയുള്ള പേമൻറിന് ഒന്നര ശതമാനംവരെ അല്ലെങ്കിൽ പത്ത് റിയാൽ വരെയും ക്യു.ആർ കോഡ് സ്കാൻ ചെയ്തുള്ള മൊബൈൽ പേമൻറിന് 0.75 ശതമാനവുമാണ് മെർച്ചൻറ് ഫീസായി നൽകേണ്ടിവരുകയെന്നും വ്യവസായ -വാണിജ്യ മന്ത്രാലയം അറിയിച്ചു. നേരിട്ടുള്ള ധനവിനിമയം കുറക്കുകയും ഓൺലൈൻ വഴി ധനവിനിമയം പ്രോൽസാഹിപ്പിക്കുക വഴി കൂടുതൽ നികുതി വരുമാനവും ധനമന്ത്രാലയം ലക്ഷ്യം വെക്കുന്നു .