ബഹ്റൈൻ : മലങ്കര മെത്രാപോലീത്ത മോറൻ മാർ ബാസോലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടി കാഴ്ച നടത്തി.
നന്മയുടെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും അർഥങ്ങൾ ഉൾക്കൊണ്ട് ജീവകാരുണ്യ മേഖലയിൽ കാതോലിക്ക ബാവയും ബഹ്‌റൈനിലെ ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രൽ ഉൾപെടെയുള്ള മറ്റ് ഇതര സഭകളും ചെയ്യുന്ന സേവനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ അറുപത്തിനാലാമത് പെരുന്നാളിനും വാർഷികാഘോഷങ്ങളിലും പങ്കെടുക്കുന്നതിനാണ് കാതോലിക്ക ബാവ ബഹ്റൈനിൽ എത്തി ചേർന്നത്.
വിവിധ മതങ്ങളെ സ്വീകരിക്കുന്നതിൽ ബഹ്റൈൻ എന്ന രാജ്യവും ഭരണ നേതൃത്വവും കൈകൊള്ളുന്ന നിലപാടിനെ കാതോലിക്ക ബാവ അഭിനന്ദിച്ചു. ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങളെയും കാതോലിക്ക ബാവ പ്രശംസിച്ചു.ഇന്നു സഫ്രിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഓർത്തഡോസ് സഭ വൈദീക ട്രസ്റ്റി തോമസ് വർഗീസ് ആമയിൽ, കത്തീഡ്രൽ പോൾ മാത്യൂസ് സഹവികാരി സുനിൽ കുരിയൻ ബേബി, ട്രസ്റ്റി സാമൂവൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി എന്നിവർ കൂടി കാഴ്ച്ചയിൽ പങ്കെടുത്തു.