മസ്കറ്റ്; ഐസൊലേറ്റു ചെയ്തിരിക്കുന്ന മത്ര വിലായത്തിന് ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സൈദി. പുതിയതായി രോഗബാധിതർ ആകുന്നവരുടെ എണ്ണത്തിൽ മത്ര വിലയത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. തൽസ്‌ഥിതി തുടരുകയാണെകിൽ കാര്യങ്ങൾ വിശകലനം ചെയ്ത് ആവശ്യമെകിൽ ഐസൊലേഷനിൽ ഇളവ് വന്നേക്കാമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച 168 കേസുകൾ റിപ്പോർട്ട് ചെയ്യാൻ കാരണം ചില സ്തലങ്ങളിൽ മുൻകരുതൽ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നതിനാലാണ്. വ്യാഴാഴ് റിപ്പോർട്ട് ചെയ്ത 55 കേസുകളിൽ കൂടുതലും ലേബർ ക്യാമ്പുകളിൽ നിന്നാണ്. വൈറസ് വ്യാപനം ഇപ്പോഴും വലിയ തോതിൽ നടക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന് എല്ലാവരും കർശനമായി ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനോട് ചിലർക്കുള്ള വിമുഖത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.106 ആരോഗ്യ ജീവനക്കാർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരിൽ 20 ശതമാനത്തിന് മാത്രമാണ് രോഗീ പരിചരണത്തിലൂടെ വൈറസ് ബാധയേറ്റത്. ബാക്കിയുള്ളവർ സമൂഹ വ്യാപനത്തിലൂടെയാണ് രോഗികളായത്. മൊത്തം കോവിഡ് ബാധിതരുടെ 75 ശതമാനവും വിദേശികളാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സൈദി പറഞ്ഞു. ഇതുവരെ രണ്ട് ദശലക്ഷം റിയാൽ ചെലവഴിച്ച് അമ്പതിനായിരത്തോളം പേർക്ക് കോവിഡ് പരിശോധന നടത്തികഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. റമദാൻ ആയതോടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ പലയിടങ്ങളിലും ഒത്തുചേരലുകൾ നടക്കുന്നുണ്ടെന്നും ഇത് പാടില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.