സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല: ഉമ്മൻചാണ്ടി

ജിദ്ദ : സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ശ്രമങ്ങളുമായിട്ടാണ് യു.ഡി.എഫ് മുന്നോട്ടു പോയത്. എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്ന പ്രശ്‌നം വഷളാക്കി.

പ്രതിപക്ഷത്താണെങ്കിലും കോഴിക്കോട് വിമാനത്താവള വികസനത്തിന് യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെ ഇക്കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍ പ്രവാസി കാര്യമന്ത്രി കെ.സി ജോസഫ് എം.എല്‍.എക്കും സ്വീകരണം നല്‍കി.ജിദ്ദ കെ എം സി സി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഒഐസിസി ജിദ്ദയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലും ഉമ്മൻചാണ്ടിയും കെ സി ജോസഫ് എം എൽ എ യും പങ്കെടുത്തു.മൂന്നു ദിവസത്തെ സൗദി സന്ദർശനത്തിനെത്തിയ ഇരുവരും റിയാദിലും ദമാമിലും ജിദ്ദയിലും വിവിധ പരിപാടികളിൽ പങ്കെടുത്തു.ജിദ്ദയിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ശൈഖുമായി ഉമ്മൻചാണ്ടി കൂടിക്കാഴ്ച്ച നടത്തി.