ഒമാൻ : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി. രാജ്യത്തെ പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിനുള്ളത്. ഇതനുസരിച്ച് ഇലക്ട്രോണിക് വാഹനങ്ങളുടെയും സ്പെയർ പാർട്സുകളുടെയും വാറ്റ് ഒഴിവാക്കുന്നതടക്കമുള്ള നിരവധി നടപടികൾ സർക്കാർ എടുത്ത് കഴിഞ്ഞു. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം ആവശ്യമാണ്. സ്ഥാപനത്തിന്റെ ആവശ്യമായ വിവരങ്ങൾ വൈദ്യുതി വിതരണ കമ്പനിക്ക് സമർപ്പിച്ച ശേഷമായിരിക്കും കമ്പനി അംഗീകാരം നൽകുക. ചാർജിങ് സ്റ്റേഷനുകളുടെ ഉടമകളാവാൻ ആഗ്രഹിക്കുന്നവരോ സ്വകാര്യ പൊതു സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരോ ബന്ധപ്പെട്ട അധികൃതരിൽനിന്ന് നിയമപരവും സാങ്കേതികവുമായ മാനദന്ധങ്ങൾക്കുള്ള അംഗീകാരവും നേടിയിരിക്കണം. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്കുകൾ നിശ്ചയിക്കുകയും വാഹനങ്ങളുടെ ഇനം, വിഭാഗം ഇവക്കനുസരിച്ച് നിയമാനുസൃതമായി നിജപ്പെടുത്തുകയും വേണം. വൈദ്യുതി ചാർജിങ് പോയൻറുകളിലെ നിരക്കുകൾ അധികൃതരുടെ നിയമാനുസൃത താരിഫ് അനുസരിച്ചായിരിക്കണം. ഇതിൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ പരിധി വെക്കാൻ പാടില്ല. സ്വകാര്യ ഇലക്ട്രിക് ചാർജിങ് പോയൻറുകൾ നടത്തുന്നതിന്റെ ഉത്തരവാദിത്തം സ്ഥലം ഉടമക്കായിരിക്കും. . വാഹനങ്ങൾ ചാർജ് ചെയ്യുന്ന വൈദ്യുതി തിട്ടപ്പെടുത്താനുള്ള ഇലക്ട്രിക് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്ഥാപന ഉടമക്കായിരിക്കും. ഇത്തരം സ്വകാര്യ സ്റ്റേഷനുകൾ സ്ഥാപിക്കുന്നവർ ഈ സ്ഥാപനങ്ങളിലെ വൈദ്യുതി മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്
ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് യൂണിറ്റുകൾ ; വൈദ്യുതി വിതരണ കമ്പനിയുടെ അംഗീകാരം നേടണം
By : Ralish MR oman