മസ്കറ്റ്: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി.ഈ മാസം 20 മുതലാണ് നിബന്ധന പ്രാബല്ല്യത്തിൽ വരുക. കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്കത്ത് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കേരള സർക്കാർ ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. അതേസമയം വന്ദേഭാരത് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല. യാത്രക്കാർക്ക് സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താം. ചാർട്ടേർഡ് വിമാന സർവീസുകൾ നടത്തുന്ന സാമൂഹിക സംഘടനകളും മറ്റും യാത്രക്കാർക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകാവുന്നതാണ്.
അടുത്ത ശനിയാഴ്ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും യാത്രാനുമതി നൽകുകയെന്നും എംബസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.