ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.
ഫാത്തിമയുടെ മരണത്തില്‍ ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം. കാമ്പസുകളിലെ കാവിവത്ക്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
വിവേചനമാണ് ഫാത്തിമയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതപരമായ കാരണങ്ങളാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.സി.ഐ.ഡി (ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ്) അന്വേഷണം വേണമെന്ന് മനിതനേയ മക്കള്‍കച്ചി ആവശ്യപ്പെട്ടു. ഫാത്തിമ കാമ്പസില്‍ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞ സാഹചര്യത്തിലാണ് സി.ബി.സി.ഐ.ഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് ജവാഹിറുല്ല വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചെന്നൈ ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ 9 നാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെങ്കിലും മൊബൈല്‍ ഫോണില്‍ എഴുതിയ കുറിപ്പില്‍ ഐ.ഐ.ടിയിലെ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരാണ് മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമ എഴുതിയിരുന്നു
ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നെന്നും ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നെന്നുമായിരുന്നു പിതാവിന്റെ വാക്കുകള്‍.
തമിഴ്‌നാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു.