മസ്ക്കറ്റ് : വിവിധ മേഖലകളിലെ സഹകര ണം ശക്തിപ്പെടുത്താൻ ഒമാനും ചൈനയും. ബെയ്ജിങ്ങിലെത്തിയ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയും ചൈനീസ് വിദേശകാര്യ മന്ത്രി വംഹേയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ചൈന- അറബ് സ്റ്റേറ്റ് കോഓപറേഷൻ ഫോറത്തിന്റെ ഭാഗമായാണ് യൂസുഫ് ബിൻ അലവി ചൈന സന്ദർശിക്കുന്നത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സിൽക്ക് പാത പദ്ധതിയിൽ ഒമാൻ മുഖ്യ പങ്കാളിയാണ്. ഇതുമായി സഹകരിക്കുന്നതിന് ചൈനയുമായി ഒമാൻ നേരത്തെ കരാർ ഒപ്പുവച്ചിരുന്നു. ഒമാനിലേക്ക് ചൈനീസ് നിക്ഷേപം വർദ്ധിപ്പക്കുന്നതിനും ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ധാരണയിലെത്തിയിട്ടുണ്ട്. നിർമ്മാണം, ടൂറിസം, വ്യാവസായം തുടങ്ങി വ്യത്യസ്ത മേഖലകളിൽ രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കും. അതേസമയം, ഒമാനിൽ നിന്ന് നിലവിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. ജൂൺ മാസം ഒമാൻ ഉൽപ്പാദിപ്പിച്ചത് 29.21 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ്. 23.47 ദശലക്ഷം ബാരൽ ഒമാൻ ക്രൂഡ് ഓയിലാണ് കയറ്റുമതി ചെയ്തത്. ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി 9.65 ശതമാനം വർദ്ധിക്കുകയും ചെയ്തു. സുഹാർ, ദുകം ഫ്രീ സോണുകളിൽ ചൈനയുടെ വൻ നിക്ഷേപമാണുള്ളത്. ഒമാനിൽ നിന്ന് ക്രൂഡോയിൽ കയറ്റുമതി ചെയുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.