മസ്കറ്റ് : ഒമാനിൽ വീണ്ടും കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത.ശക്തമായ ഇടത്തരം മഴക്കും കാലാവസ്ഥ വ്യതിയാനം കാരണമായേക്കുമെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യൂനമർദമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാൻ കാരണം. ഇൗ മാസം ആദ്യ പകുതയിൽ മൂന്ന് ന്യൂന മർദങ്ങളാണ് ഒമാൻ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുസന്തം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, അൽ ദാഖിറ, അൽ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവർനെറ്റുകളിലും വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ പർവത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ആദ്യ ന്യൂന മർദം നാളെയും മറ്റന്നാളും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യൂനമർദത്തിൽ അനുഭവപ്പെടുക. രണ്ടാം ന്യൂനമർദം ഇൗ മാസം ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ അനുഭവപ്പെടും. ഒന്നോ ഒന്നരയോ ദിവസം കാലാവസ്ഥ വ്യതിയാനമുണ്ടാവും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബർ മധ്യത്തോടെ മൂന്നാമത്തെ ന്യൂനമാർദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.