ദോഹ: ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി പരിധിയിലെ ‘ഫ്രഷ് ടൈം വെജിറ്റബ്ൾസ് ആൻഡ് ഫ്രൂട്ട്സ്’ എന്ന സ്ഥാപനമാണ് ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.ഭക്ഷ്യസുരക്ഷ മാനദണ്ഡം ലംഘിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്നാണ് നിയമപ്രകാരം നിർദേശിക്കുന്നത്. പഴകിയതും ഉപയോഗത്തിനുള്ള സമയം കഴിഞ്ഞതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഹാനികരമാവുമെന്നതിനാൽ ഇവ വിൽക്കാൻ പാടില്ല.റേഡിയോ ആക്ടിവ് വസ്തുക്കൾ, കീടനാശിനികൾ, വിഷ പദാർഥങ്ങൾ അല്ലെങ്കിൽ പകർച്ചവ്യാധികൾ എന്നിവയാൽ മലിനമായ ഭക്ഷണത്തിന്റെ ഉപയോഗവും നിയമംമൂലം നിരോധിക്കുന്നുണ്ട്. തെറ്റ് ആവർത്തിച്ചാൽ കനത്ത ശിക്ഷയാണ് നിയമം നിർദേശിക്കുന്നത്.