ക്ലൗഡ് സീഡിംഗ് : യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ

അബുദാബി: ക്ലൗഡ് സീഡിംഗ് ആരംഭിച്ചതിന് പിന്നാലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ ലഭിച്ചു .ഇതോടെ താപനിലയിലും കുറവു രേഖപ്പെടുത്തി . ഷാര്‍ജ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തവുമായ മഴ ലഭിക്കുന്നുണ്ട് . വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് മഴ ശക്തമായത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ കാലവസ്ഥാ കേന്ദ്രം നല്‍കിയിരുന്നു. ഒരു മാസം നീളുന്ന ക്ലൗഡ് സീഡിംഗ് ദൗത്യത്തിനാണ് അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ നിന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെ ക്ലൗഡ് സീഡിംഗ് തുടരാനാണ് തീരുമാനം. 1990-കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. കഴിഞ്ഞ ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ 22 ക്ലൗഡ് സീഡിംഗുകള്‍ കാലവസ്ഥാ കേന്ദ്രം നടത്തിയിരുന്നു.