ദുബായ്. സന്ദർശക വിസയിലെത്തിയയാൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി മുബഷിറിൽ നിന്ന് കണ്ണൂർ തില്ലങ്കേരി സ്വദേശി അലി എന്നയാൾ പണം തട്ടിയെന്നാണ് പരാതി.
കോഫി മേക്കർ ഒഴിവുകളുണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് മുബഷിർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെരിന്തൽമണ്ണ സ്വദേശി എന്ന് പരിചയപ്പെടുത്തി അലി വിളിച്ചത്. ജോലി ഒഴിവുണ്ടെന്നും ജോലി ലഭിച്ച ശേഷം പണം നൽകിയാൽ മതി എന്നുമായിരുന്നു അലി പറഞ്ഞിരുന്നത്.
യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടെന്ന് അറിയിച്ച് ഇയാൾ വീണ്ടും വിളിച്ചു. ആ സ്ഥാപനത്തിലേക്ക് ഓൺലൈൻ വഴിയല്ലേ ആളെ എടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ വേണ്ടപ്പെട്ടവർ അവിടെയുണ്ടെന്നും ജോലി ശരിയാക്കാമെന്നുമായിരുന്നു അലിയുടെ മറുപടി. ജോബ് ഓഫർ ലെറ്റർ കിട്ടിയാൽ പണം നൽകാമെന്ന് മുബഷിർ പറഞ്ഞു. എന്നാൽ, ജോലിയിൽ പ്രവേശിച്ച ശേഷമെ ജോബ് ഓഫർ ലെറ്റർ കിട്ടൂ എന്നും നാട്ടിലെ അക്കൗണ്ടിലേക്ക് 70,000 രൂപ നൽകിയാൽ ജോലി ശരിയാക്കാമെന്നും അലി മറുപടി നൽകി.
ഉറപ്പിനായി ചെക്ക് നൽകാമെന്നും പറഞ്ഞു. ഇതോടെ മുബഷിർ 70,000 രൂപ അക്കൗണ്ടിലേക്ക് അയച്ചു. പകരം അലി ചെക്കും നൽകി. ഒരു മാസത്തിനുള്ളിൽ ജോലി നൽകാമെന്ന് പറഞ്ഞെങ്കിലും കിട്ടിയില്ല. ഓരോ ആഴ്ചയും ഒഴിവ് പറഞ്ഞ് ദിവസങ്ങൾ നീട്ടി. പിന്നീട് വിളിച്ചാൽ കിട്ടാതായതോടെയാണ് തട്ടിപ്പ് മനസിലായത്.
നാട്ടിൽ അലിയുടെ വിലാസത്തിൽ അന്വേഷിച്ചപ്പോൾ ഇയാൾ വിവിധ കേസുകളിൽ പ്രതിയാണെന്നറിഞ്ഞു. അലി എന്ന് പരിചയപ്പെടുത്തിയ മറ്റൊരാളും ഇയാൾക്കൊപ്പം ഏജൻറായി കൂട്ട് നിൽക്കുന്നുണ്ട്. നിരവധി പേരെ ഇയാൾ ഇത്തരത്തിൽ വഞ്ചിച്ചതായി മുബഷിർ പറയുന്നു. ഇതിനിടെ അലി നൽകിയ ചെക്ക് ബാങ്കിൽ നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇയാൾക്കും കൂട്ടാളിക്കുമെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മുബഷിർ.