ബഹറിൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.സാം അടൂരിന്റെ നിര്യാണത്തിൽ ബഹറിൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.

ബഹ്‌റൈൻ : കോവിഡ് ദുരന്തകാലത്ത് ഭക്ഷണ വിതരണമടക്കമുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സാം അടുർ സ്വയം സമർപ്പിതനായ പൊതുപ്രവർത്തകനായിരുന്നു. സാമ്പത്തികമായി ഭദ്രമല്ലാത്ത സാം അടൂരിന്റെ കുടുംബത്തിന് സമാജം വെൽഫയർ ഫണ്ടിൽ നിന്ന് ഉടൻ തന്നെ പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നും, കൂടുതൽ തുക സമാഹരിക്കാനുള്ള ശ്രമങ്ങളിൽ ബഹറിനിലെ ഇതര സംഘടനകളും വ്യക്തികളും സാമിന്റെ സുഹൃത്തുക്കളും മുന്നോട്ട് വരണമെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.ഒറ്റയാൾ പട്ടാളമെന്ന പോലെ സാമൂഹിക രംഗത്ത് സജീവ ഇടപെടലുകൾ നടത്തുകയും, സമാജം പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായി കൂടെ നിൽക്കുകയും ചെയ്‌ത നല്ല ഒരു സുഹൃത്തിനെയും ആണ് നഷ്ടപ്പെട്ടതെന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അനുസ്മരിച്ചു.തന്റെ ബഹറിൻ ജീവിതകാലത്ത് അടുത്തറിയാവുന്ന സാം അടൂർ ഒരു നിശബ്ദ സാമൂഹ്യ പ്രവർത്തകനായിരുന്നു എന്ന് ബഹറിൻ കേരളീയ സമാജം സാഹിത്യ വേദി നടത്തിയ ഓൺലൈൻ സംവാദത്തിൽ എഴുത്തുകാരൻ ബെന്യമിൻ അനുസ്മരിച്ചു.സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്ന, സന്ദർശനങ്ങൾ പോലും നിഷേധിക്കപ്പെടുന്ന കോവിഡ് രോഗകാലത്തെ മരണങ്ങൾ കൂടുതൽ വേദനാജനകമാണെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു.