മനാമ : ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്ന സ്വാമി അഗ്നിവേശിന്റെ വേര്‍പാട് മതേതര ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണ്. നിര്‍ഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു സ്വാമി അഗ്നിവേശ്. മതേതരത്വത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹം എക്കാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. വന്ദ്യവയോധികനായ അദ്ദേഹത്തെ കായികമായി നേരിടാന്‍ വരെ സംഘപരിവാർ പല തവണ ശ്രമിച്ചിരുന്നു. സാമൂഹിക നീതിക്കും അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുമുള്ള സാമൂഹിക ജനാധിപത്യം എന്ന ആശയത്തോട് എന്നും ഗുണകാംക്ഷയും സഹകരണവും അദ്ദേഹം പുലര്‍ത്തിയിരുന്നു. ഹരിയാന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, അധ്യാപകന്‍, അഭിഭാഷകന്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനത്തിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു സ്വാമി അഗ്നിവേശ്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തെ പാര്‍ശ്വവല്‍കൃത-അധ:സ്ഥിത ജനതയുടെ സാമൂഹിക നീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ സാമൂഹിക ജനാധിപത്യത്തിനും മതേതര ഇന്ത്യക്കുമായി പോരാടുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനവും ഊര്‍ജ്ജവുമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.