കോപ് 28 ഉച്ചകോടി; ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് അംഗീകാരം

അബുദബി : കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ 197 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ പുതിയ ഉടമ്പടി സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.ഫോസില്‍ ഇന്ധന ഉപഭോഗത്തില്‍ നിന്നും സുസ്ഥിര ഊര്‍ജ ഉപഭോഗം വികസിപ്പിക്കുന്നതിന് ലോകവ്യാപകമായി ഉടമ്പടി സഹായിക്കും. യുഎഇ ഉടമ്പടി എന്നാകും ഇത് അറിയപ്പെടുക. ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 2050 നുള്ളില്‍ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. 2030 ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 43 ശതമാനം കുറയ്ക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യും.