കോർക്ക്:- ഇത്തവണത്തെ “ഒരുമ” ഓണാഘോഷം അതിഗംഭീരമായി ആഘോഷിച്ച് കോർലെ മലയാളികൾ.വേൾഡ് മലയാളീ കൗൺസിലും കോർക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്ത്തമായി സംഘടിപ്പിച്ച ഓണാഘോഷം വളരെ അവശത്തോടെയാണ് പ്രവാസിമയാളികൾ ഏറ്റടുത്ത്, കേരളത്തിൽ നിന്നും വിട്ട് ദൂരെ പ്രവാസലോകത്താണെകിലും നാടിൻറെ ഓർമ്മകൾ ഉണർത്തി തനി നാടൻരീതിയിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ രണ്ടിന് ടോക്കർ സെന്റ് .ഫിൻബാർ’സ് ക്ലബ്ബിൽ രാവിലെ ഒൻപത് മണിക്ക് അത്തപ്പൂക്കളമിട്ടതോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.കുട്ടികളുടെ കലാ കായിക മത്സരങ്ങൾആയ കടല പെറുക്കൽ, കസേരകളി,പുഞ്ചിരി മത്സരം തുടങ്ങിയവയിൽ പങ്കെടുക്കാൻ നിരവധി കുരുന്നുകൾ അണിനിരന്നു,കേരളത്തിന്റെ കളികൾ ഒന്നുംതന്നെ പരിചയമില്ലത്ത കുട്ടികളുടെ മുഖത്ത് കൗതുകവും,ആശ്ചര്യവും നിറയുന്ന കാഴ്ച വളരെ ആവേശത്തോടെ ആണ് രക്ഷിതാക്കൾ ഏറ്റടുത്ത്.
മുതിർന്ന സ്‌ത്രീകളുടെ കസേരകളി,ഗൗരവ മത്സരം എന്നിവ കാണികളിൽ ചിരി പടർത്തി,തുടർന്ന് പുരുഷന്മാരുടെ വാശിയേറിയ വടംവലി മത്സരത്തിൽ വില്‍ട്ടന്‍ ബോയ്‌സ് വിജയം കരസ്ഥമാക്കി.അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ടീമംഗങ്ങളുടെ ഭാരത്തിന് അറുനൂറ് കിലോ പരിധി നിശ്ചയിച്ചിരുന്ന മത്സരമായിരുന്നു ഇത്തവണ നടന്നത്. അയര്‍ലണ്ട് ഇന്നുവരെ കാണാത്ത ആവേശത്തിരയിളക്കത്തിന്റെ നടുവില്‍ തുടര്‍ച്ചയായി രണ്ട് ഗയിമിലും ശക്തരായ മാലോ ഗുലാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിക്കൊണ്ട് വില്‍ട്ടന്‍ ബോയ്‌സ് ട്രോഫി കരസ്ഥമാക്കി.വനിതകൾ ഒട്ടും പിന്നിലല്ല എന്നതിന്റെ തെളിവായിരുന്നു വടംവലിക്കായി ആറു ടീമുകൾ എത്തിയത്.ഫൈനലിൽ മാല്ലോ ഗുലൻസിന്റെ വനിതകളെ മലർത്തിയടിച്ചു കോർക്ക് ക്രേസി ഗേൾസ് ജേതാക്കളായി.
പ്രവാസത്തിലാണെങ്കിലും ഓണം കെങ്കേമമാക്കാൻ പൊലിമക്ക് ഒട്ടും കുറവില്ലാത്ത രീതിയിൽ ആയിരുന്നു ആഘോഷം,ഇതിൽ ഏറ്റവും എടുത്തുപറയേണ്ട കാര്യം വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി എന്നതാണ്.വയറും മനസ്സും നിറഞ്ഞ ജനങ്ങളുടെ ഇടയിലേക്ക് ആർപ്പോ ഇർറോ വിളികളുടെ അകമ്പടിയോടെ മാവേലി എത്തിയപ്പോൾ ആഘോഷം അതിന്റെ പാരമ്യതയിലെത്തി.ഡബ്ലിയു.എം.സി ചെയർമാൻ ജോസഫ് ജോസഫ്,വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, സി.പി.എം.എ പ്രസിഡന്റ് സഞ്ജിത് ജോൺ ,സെക്രട്ടറി അനീഷ് സ്കറിയ എന്നിവർ മാവേലിയോടൊപ്പം ദീപം കൊളുത്തിയതോടെ കോർക്കിലെ കൊച്ചു കലാകാരന്മാരും യുവജനങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് തുടക്കമായി.പാട്ടുകൾക്കും നൃത്തത്തിനുമൊപ്പം സദസ്സൊന്നടങ്കം കയ്യടിച്ചും നൃത്തം വച്ചും മുന്നേറിയപ്പോൾ ഒരുമയുടെ ഓണം അക്ഷരാർത്ഥത്തിൽ നിറവേറുകയായിരുന്നു .കോർക്കിലെ മലയാളി മങ്കമാർ അണിയിച്ചൊരുക്കിയ തിരുവാതിരകളി സദസ്യരെ ഗൃഹാതുരതയിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു.
വൈസ് ചെയർമാൻ റ്റുബീഷ് രാജു സ്വാഗതം പറഞ്ഞ ശേഷം സെക്രെട്ടറിമാരായ ശ്രീ ലക്ഷ്മിയും അനീഷ് സ്കറിയയുംചേർന്ന് മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.ലിവിങ് സെർട് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ സ്നേഹ വിനോദിനെ ആദരിക്കുകയും കോർക് സിറ്റി കൌൺസിൽ സംഘടിപ്പിച്ച മൾട്ടി കൾച്ചറൽ പ്രോഗ്രാമിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വിജയികളായ സിയാ സിറിയക്കിനെയും ആഞ്ചേല ജോൺസനെയും അഭിനന്ദിക്കുകയും ചെയ്തു.ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച ഇരു സംഘടനയിലെയും പ്രവർത്തകർക്കും കോർക്കിലെ എല്ലാ മലയാളികൾക്കും നന്ദിയും സമ്പൽ സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും ഓണാശംസകൾ നേർന്നും കൊണ്ട് ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തിരശീല വീണു.
വാർത്ത :- ജോൺസൻ ചാൾസ്