ദോഹ:അലക്ഷ്യമായി വാഹനമോടിച്ച് കാല്‍നടക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക് 20 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ് ഉത്തരവ്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ജിസിസി പൗരനാണ്. ഇന്‍ഷുറന്‍സ് കമ്പനിയുമായിച്ചേര്‍ന്ന് നഷ്ടപരിഹാരം നല്കിയാല് മതിയാവും.
അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്ക് 10,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. കാല്‍നടക്കാരനു നേര്‍ക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാല്‍നടക്കാരന്റെ മസ്തിഷ്കത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ചു. ഹതഭാഗ്യനായ ഈ വ്യക്തിയെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ജീവന് രക്ഷിക്കാനായെങ്കിലും ഇയാള്‍ക്ക് തിരിച്ചറിയല്‍ ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. കാലുകളും തളര്‍ന്നുപോയി.
മറ്റൊരു കേസില്‍, സഹോദരന്റെ മുന്‍ഭാര്യയെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ അപമാനിച്ച സ്ത്രീക്ക് കോടതി 1,000 റിയാല്‍ പിഴയിട്ടു. താനില്ലാതിരുന്നപ്പോള് സഹോദരന്റെ മുന്‍ഭാര്യ വീട്ടിലെത്തിയെന്ന സംശയത്തിലാണ് ഈ സ്ത്രീ അപകീര്‍ത്തികരമായ സന്ദേശമയച്ചത്.