മസ്കറ്റ്: കൊറോണ-19 വൈറസ് ബാധ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ടൂറിസ്റ്റ് വിസകൾ റദ്ദാക്കുന്നതടക്കം തീരുമാനങ്ങളുമായി ഒമാൻ. വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിനായി സുൽത്താന്റെ ഉത്തരവ് പ്രകാരം രൂപം നൽകിയ സുപ്രീം കമ്മിറ്റി യോഗമാണ് ഒരു മാസത്തേക്ക് വിസാ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. വ്യാഴാഴ്ച നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു.
മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് വിസാ വിലക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇക്കാലയളവിൽ ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കില്ല. ക്രൂയിസ് ഷിപ്പുകൾ രാജ്യത്തെ തുറമുഖങ്ങളിൽ ഇക്കാലയളവിൽ അടുക്കുവാൻ അനുവദിക്കില്ല.
രാജ്യത്ത് ഒരു തരത്തിലുള്ള കായിക പരിപാടികളും സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
അംഗീകൃത സ്ഥലങ്ങളിലെ ശീഷ ഉപയോഗം നിർത്തിവെക്കാനും കമ്മിറ്റി നിർദേശിച്ചു. കോടതി നടപടികളിൽ കേസുകളുമായി ബന്ധപ്പെട്ടവർ മാത്രം പങ്കടുത്താൽ മതിയെന്നും കമ്മിറ്റി നിർദേശിച്ചു.
മതപരമായ ചടങ്ങുകളിലും,ബന്ധു വീട് കൾ സന്ദർശിക്കുന്നവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും,സിനിമ കാണുന്നത് ഒഴുവാക്കണമെന്നും കമ്മറ്റി നിർദേശിച്ചു.