മനാമ: ഗള്‍ഫ് നാടുകളില്‍നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ കൊവിഡ് പരിശോധനാ ഫലം സമര്‍പ്പിക്കണമെന്ന തീരുമാനം പിന്‍വലിക്കാതെ നടപ്പാക്കുന്ന തിയതി മാത്രം നീട്ടിയ സംസ്ഥാന സര്‍ക്കാരിന്റെ കുടില തന്ത്രം തിരിച്ചറിയണമെന്നും ഇതിനെതിരേ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ബഹ്റൈന്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്ന തിയതി ജൂണ്‍ 20ല്‍ നിന്ന് 25 ലേക്ക് നീട്ടിയത് കൊണ്ട് യാതൊരു പ്രയോജനവും പ്രവാസ സമൂഹത്തിന് ലഭിക്കില്ല. ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനാ മാര്‍ഗങ്ങള്‍ മനസിലാക്കിയിട്ടാണ് ഗൂഢലക്ഷ്യവുമായി പ്രവാസികളുടെ മേലില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ കെട്ടിവയ്ക്കുന്നത്. തുടരെ തുടരെ പ്രവാസി വിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പൂര്‍ണമായും പിന്മാറണമെന്നും തിരിച്ചുവേണ്ട പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
ദുരിതക്കെടുതിയില്‍ മാനസികമായി തളര്‍ന്ന പ്രവാസികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണം സമ്മര്‍ദ്ദത്തിലാവുന്നത്. വന്ദേഭാരത് മിഷന്റെ അപര്യാപ്തത കാരണം പലരും എങ്ങനെയെങ്കിലും നാട്ടിലേക്കെത്തണമെന്ന ആഗ്രഹത്തോടെയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര തിരിക്കുന്നത്. ഇതിനിടയില്‍ 48 മണിക്കൂറിനിടയിലുള്ള കൊവിഡ് പരിശോധനാ ഫലം സമര്‍പ്പിക്കുക എന്നത് പ്രായോഗികമല്ല. ഇക്കാര്യങ്ങള്‍ ബോധ്യമായിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്മാറാത്തത് പ്രവാസികള്‍ നാട്ടിലെത്തരുതെന്ന ഉദ്ദ്യേശത്തോടെയാണെന്നും നേതാക്കള്‍ പറഞ്ഞു.
നിലവില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന പരിഗണന പോലും പ്രവാസികള്‍ക്ക് നല്കാനാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്ന് തന്നെ സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് വ്യക്തമാവുന്നുണ്ട്. ഇക്കാര്യങ്ങള്‍ പ്രവാസി സമൂഹം തിരിച്ചറിയണം. കക്ഷി-രാഷ്ട്രീയ ഭേദമെന്യേ പ്രവാസി സമൂഹം പ്രതിഷേധവുമായി രംഗത്തെത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധ മുന്‍നിരയില്‍ കെ.എം.സി.സി ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.