ബഹ്‌റൈനിൽ വാണിജ്യ റെജിസ്ട്രേഷൻ ഫീസ് വര്‍ദ്ധന നീട്ടി

മനാമ: സ്വകാര്യ മേഖലയിലെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍(C.R) ഫീസ് വര്‍ദ്ധന അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിവയ്ക്കാന്‍ തീരുമാനം. ചെറുകിട വ്യവസായികള്‍ക്ക് ഏറെ പ്രയോജനകരമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.ബഹ്‌റൈന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതരും വ്യവസായ,വാണിജ്യ, ടൂറിസം മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.ഈ മാസം 22 മുതല്‍ വര്‍ദ്ധന നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് അടുത്ത വര്‍ഷം മാര്‍ച്ച് 31ന് ശേഷം നടപ്പാക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. വിഷയത്തില്‍ ബോധവത്ക്കരണം നടത്താനും ചെറുകിട കച്ചവടക്കാരുടെ ആഘാതം വിലയിരുത്താനും ഈ സമയം ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ അമ്പത് ദിനാറാണ് പ്രതിവര്‍ഷം സിആര്‍ പുതുക്കാന്‍ അടയ്‌ക്കേണ്ടത്. ഇതാണ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചില വിഭാഗങ്ങളില്‍ 20ശതമാനം വര്‍ദ്ധന വരെയാണ് പ്രതീക്ഷിച്ചിരുന്നത്. സിആറിലെ വിവിധ സേവനങ്ങള്‍ക്ക് പ്രത്യേക ചാര്‍ജും നല്‍കേണ്ടതുണ്ട്.