മനാമ:ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നിയമന രേഖ കിരീടാവകാശിയും പ്രധാനമന്ത്രിയും ഉപഭരണാധികാരിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സാഖിർ പാലസിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു.നിയമ ബിരുദധാരികൂടിയായ അദ്ദേഹം ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം , 2006-ൽ ഡൽഹിയിലെ ആസ്ഥാനത്ത് തിരിച്ചെത്തിയ അദ്ദേഹം 2009 വരെ ഇന്ത്യ-ചൈന ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന ഡെസ്ക് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2011-2012 കാലഘട്ടത്തിൽ ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ ഉണ്ടായിരുന്നപ്പോൾ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു. ന്യൂയോർക്കിന് ശേഷം, ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയുടെ പൊളിറ്റിക്കൽ, എസ് ആന്റ് ടി വിംഗുകളുടെ തലവനായി മൂന്ന് വർഷം ചെലവഴിച്ചു. 2016-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങൾ കൈകാര്യം ചെയ്തു. 2017-ന്റെ രണ്ടാം പകുതിയിൽ, ഇന്ത്യൻ ജഡ്ജിയായ ദൽവീർ ഭണ്ഡാരിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കുന്നതിനുള്ള പ്രചാരണം ഏകോപിപ്പിക്കുന്നതിന്, ഇന്ത്യാ ഗവൺമെന്റ് ശ്രീ. വിനോദ് ജേക്കബിനെ നിയമിച്ചിരുന്നു കൂടാതെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ ജനറൽ തലത്തിൽ, പ്രത്യേകിച്ച് സാമ്പത്തിക നയതന്ത്ര വിഭാഗത്തിന്റെ തലവൻ ഉൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2019 സെപ്റ്റംബർ മുതൽ 2023 ജൂലൈ വരെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി അദ്ദേഹം കൊളംബോയിൽ സേവനമനുഷ്ഠിച്ചു.നിലവിൽ കെനിയയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി നംഗ്യാ സി ഖമ്പയെയാണ് വിനോദ് കെ ജേക്കബ് വിവാഹം ചെയ്തത്. സാഖിർ കൊട്ടാരത്തിൽ എത്തിയ അംബാസഡർമാരെ റോയൽ പ്രോട്ടോക്കോൾ ചീഫ് മേജർ ജനറൽ ഖലീഫ ബിൻ അഹമ്മദ് അൽ ഫദാല സ്വീകരിച്ചു.അൾജീരിയൻ അംബാസഡർ, മഹമൂദ് ബ്രഹാം, കൊറിയൻ റിപ്പബ്ലിക് അംബാസഡർ, ഹ്യൂൻസാങ് കൂ, ഫ്രാൻസ് അംബാസഡർ, എറിക് ജിറാഡ്ടെൽമെ, യു.കെ അംബാസഡർ, അലസ്റ്റർ ലോങ് എന്നിവരുടെ യോഗ്യതാപത്രങ്ങളും സ്വീകരിച്ചു. അംബാസഡർമാരെ സ്വാഗതം ചെയ്ത ഡെപ്യൂട്ടി കിങ് ബഹ്റൈനും അതത് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടരുന്നതിൽ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. അംബാസഡർമാരുടെ രാഷ്ട്രത്തലവന്മാർക്ക് ഹമദ് രാജാവിന്റെ ആശംസകൾ അറിയിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ബഹ്റൈൻ ഭരണാധികാരിയുടെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ തുടങ്ങിയവർ സന്നിഹിതരായിരുന്നു.