മനാമ: കോവിഡ്-19 നേരിടുന്നതിനുള്ള ബഹ്റൈന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ചതിന് കിരീടാവകാശിയുടെ നന്ദി ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ജമാൽ ഷുവൈത്ത്വർ സ്വീറ്റ്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് തെരുവത്ത്. മുൻകരുതൽ നടപടികളുടെ ഭാഗമായി എന്താവശ്യത്തിനും ഉപയോഗിക്കാൻ ഗഫൂൽ ഏരിയയിൽ പുതുതായി നിർമിച്ച അപ്പാർട്മെന്റാണ് അദ്ദേഹം സർക്കാറിന് വിട്ടുനൽകിയത്. കഴിഞ്ഞദിവസം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഏകോപന സമിതിയുടെ ഓൺലൈൻ യോഗത്തിലാണ് കിരീടാവകാശിയും ഒന്നാം ഉപപ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ജമാൽ ഷുവൈത്ത്വർ സ്വീറ്റ്സിനും സഹകരിച്ച മറ്റ് കമ്പനികൾക്കും നന്ദി അറിയിച്ചത്.ലേബർ ക്യാമ്പുകളിൽ തിങ്ങിത്താമസിക്കുന്ന പ്രവാസി തൊഴിലാളികളെ മാറ്റി പാർപ്പിക്കാനാണ് വിവിധ കമ്പനികളും വ്യക്തികളും വിട്ടുനൽകിയ കെട്ടിടങ്ങൾ ഉപയോഗിക്കുന്നത്. തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് ഇത്.ലോകം മഹാമാരിക്കെതിരെ പോരാടുമ്പോൾ സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ബഹ്റൈൻ ഭരണകൂടത്തോടുള്ള നന്ദി സൂചകമായാണ് അപ്പാർട്ട് വിട്ടുനൽകിയതെന്ന് അബ്ദുൽ മജീദ് തെരുവത്ത് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മൂന്നുമാസത്തെ വൈദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ അടക്കുമെന്ന പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെ മുഴുവനാളുകൾക്കും നൽകിയ ആശ്വാസം ചെറുതല്ല. ഇത്രയും സമാധാനത്തോടെയും സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ആളുകൾ കഴിയുന്ന വേറെ നാടില്ല. വിവേചനമില്ലാതെ സഹായ ഹസ്തം നീട്ടുന്ന ബഹ്റൈൻ ഭരണകൂടത്തിന് എന്തെങ്കിലും തിരിച്ചുനൽകാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അബ്ദുൽ മജീദ് തെരുവത്ത് തണൽ ബഹ്റൈൻ കമ്മിറ്റി ചെയർമാനാണ്. തണലിന്റെ കീഴിൽ ഭക്ഷണ കിറ്റ് വിതരണത്തിലും സജീവമാണ് അദ്ദേഹം.