മസ്‌കകറ്റ്:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’ എന്ന പേരിലാണ് കൊടുങ്കാറ്റ് അറിയപ്പെടുക.സലാല തീരത്ത് നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകള്‍ സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഉള്ളതെന്ന് അധികൃതര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റിനും സാധ്യതയുണ്ട്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ വിദഗ്ധരുടെ കൂടി സാന്നിധ്യത്തിലായിരുന്നു നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് യോഗം. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മേഖലയില്‍ ഭക്ഷവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഗവര്‍ണറേറ്റുകളിലെ ജനങ്ങള്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.