ദമാമിൽ കനത്ത പൊടിക്കാറ്റ്; കനത്ത നാശനഷ്ടം

ദമ്മാം:സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്​ച വൈകുന്നേരം തുടങ്ങിയ കാറ്റ്​ തുടരുകയാണ്​. ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡിൽ മണലടിഞ്ഞ്​ മണിക്കൂറോളം തടസ്സപ്പെട്ടു. മൂന്ന് ദിവസം ഇത്​ തുടരുമെന്നാണ്​ കാലാവസ്​ഥാവിഭാഗം അറിയിച്ചത്​. ദൂരയാത്ര പരമാവധി ഒഴിവാക്കണമെന്ന് സിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്​. പൊടിക്കാറ്റ് കാരണം ദൂര യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി. ചൊവ്വാഴ്​ച വൈകുന്നേരത്തോടെയാണ് കാറ്റ് ശക്തിയാർജിച്ചത്.

മിനിറ്റിന് 40 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ അഹ്സ, ജുബൈല്‍, കിംഗ് ഫഹദ് എയര്‍പോര്‍ട്ട്, ഖഫ്ജി, ഹഫര്‍ അല്‍ ബാത്തിന്, നാരിയ, സഫ്വ എന്നീ ഭാഗത്തേക്കുള്ള റോഡുകള്‍ മണലിനടിയിലായി. ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡ് ബുധനാഴ്​ച രാവിലെ നാല് മണിക്കൂറോളം പൂര്‍ണമായും തടസ്സപ്പെട്ടു. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.നഗര പ്രദേശങ്ങളിലും ശക്തമായ കാറ്റാണ് വീശുന്നത്.