ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന റഷീദ് ഇയ്യാലിൻറെ കുടുംബത്തിന് മരണാനന്തര സഹായമായി ആറ് ലക്ഷം രൂപയുടെ ചെക്ക് മുൻ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല തൃശൂർ ഇയ്യാലിലെ ഭവനത്തിലെത്തി കുടുംബത്തിന് കൈമാറി. റഷീദ് ഇയ്യാലിൻറെ ആകസ്മിക നിര്യാണത്തെ തുടർന്ന് നിരാലംബരായ കുടുബത്തിനെ സഹായിക്കണമെന്ന റീജ്യണൽ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം ദമ്മാം ഒ ഐ സി സി യുടെ വിവിധ ജില്ലാ – ഏരിയാ – വനിതാ – യൂത്ത് വിംഗ് കമ്മിറ്റികൾ നൽകിയ തുകയാണ് കഴിഞ്ഞ ദിവസം റഷീദ് ഇയ്യാലിൻറെ പറക്കമുറ്റാത്ത മക്കളുടെ കരങ്ങളിൽ രമേശ് ചെന്നിത്തല കൈമാറിയത്.
ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിൽ റഷീദ് ഇയ്യാലിൻറെ ഭവനം സാക്ഷ്യം വഹിച്ചത്. നാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിലും പ്രവാസലോകത്ത് ഒ ഐ സി സി യുടെ സംഘടനാ പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്ന റഷീദ് ഇയ്യാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ താത്പരനായിരുന്നു. കുടുംബത്തിൻറെ ഏക അത്താണിയായിരുന്ന റഷീദ് ഇയ്യാലിൻറെ വേർപാടിനെത്തുടർന്ന് മുന്നോട്ടുള്ള ജീവിതത്തിനുമുന്നിൽ പകച്ചു നിൽക്കുന്ന ഭാര്യയുടെയും മക്കളുടെയും ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രസ്ഥാനം കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് രമേശ് ചെന്നിത്തല അവിടെനിന്നും മടങ്ങിയത്.
കെ പി സി സി സെക്രട്ടറിമാരായ ഷാജി കൊടങ്ങത്ത്, പ്രസാദ്, യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി, ഡി സി സി സെക്രട്ടറി ബിജോയ് ബാബു, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് പി സി ഗോപാലകൃഷ്ണൻ, ഇഴവന്തുരുത്തി മണ്ഡലം പ്രസിഡണ്ട് നബീൽ നെയ്തല്ലൂർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ.ജെനീഷ്, പറവൂർ നഗരസഭാ കൗൺസിലർ അബ്ദുൽ സലാം എന്നിവരും കോൺഗ്രസ്സിൻറെ ബ്ലോക്ക് മണ്ഡലം ബൂത്ത് കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ, ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, സൈഹാത്ത് ഏരിയാ കമ്മിറ്റി മുൻ പ്രസിഡണ്ട് എസ് എം സാദിഖ് എന്നിവർ നേതൃത്വം നൽകി.
സംഘടനാ പ്രവർത്തനങ്ങളിൽ വളരെയധികം സജീവമായി നിലകൊണ്ടിരുന്ന ഒരു സഹപ്രവർത്തകൻറെ അകാലത്തിലുള്ള വേർപാടിനെത്തുടർന്ന് അദ്ദേഹത്തിൻറെ കുടുംബത്തിനെ സഹായിക്കുവാൻ ആത്മാർത്ഥമായി സഹകരിച്ച ദമ്മാം ഒ ഐ സി സി യുടെ വിവിധ ജില്ലാ – ഏരിയാ – വനിതാ – യൂത്ത് വിംഗ് കമ്മിറ്റികൾക്ക് റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ കെ സലിമും നന്ദി അറിയിച്ചു.