മനാമ : ദാറുൽ ഈമാൻ മലയാളം വിഭാഗം വനിതാ വിoഗിന്റെ കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ പഠിതാക്കളുടെ സംഗമം നടത്തി. വെസ്റ്റ് റിഫയിലെ ദിശാ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ‘ജീവിത വിജയം ഖുർആനിലൂടെ” എന്ന വിഷയത്തിൽ’ ദാറുൽ ഈമാൻ മലയാളം വിഭാഗം പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി പ്രഭാഷണം നടത്തി. വിശ്വാസികളുടെ എല്ലാ പഠനങ്ങളുടെയും അടിസ്ഥാനം ഖുർആൻ ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധ ഖുർആൻ പഠനം എന്നത് കേവലം വിവരശേഖരണത്തിന് മാത്രമുള്ളതല്ല. ഖുർആനിൽ നിന്നും ആർജിച്ചെടുക്കുന്ന അറിവുകളെയും ആശയങ്ങളെയും ജീവിതത്തിൽ പകർത്തുവാനുള്ളതും കൂടിയാണ്. ജീവിതത്തിൽ വെളിച്ചവും തെളിച്ചവുമുണ്ടാക്കാൻ ഈ മഹത്തായ വേദഗ്രന്തത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാറുൽ ഈമാൻ കേരള വനിതാ വിഭാഗം പ്രസിഡന്റ് സക്കീനാ അബ്ബാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതവും സാജിദ സലീം നന്ദിയും പറഞ്ഞു. ഹനാൻ അബ്ദുൽ മനാഫ് ഗാനം ആലപിച്ചു.ദാറുൽ ഈമാൻ വിദ്യാഭ്യാസ സെക്രട്ടറി എം.എം. സുബൈർ തംഹീദുൽ മർഅ ദ്വിവർഷ കോഴ്സ് പൂർത്തിയാക്കിയവരുടെ ഫലപ്രഖ്യാപനം നടത്തി. വിജയികളിൽ ഏഴ് പഠിതാക്കൾക്ക് എ പ്ലസും പതിനൊന്ന് പഠിതാക്കൾക്ക് എ ഗ്രെഡും ലഭിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുബൈദ മുഹമ്മദലി, കെ.വി. സുബൈദ എന്നിവർക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നാസിയ അബ്ദുൽ ഗഫൂറും മൂന്നാം റാങ്ക് പി.കെ.മെഹ്‌റയും കരസ്ഥമാക്കി. ലിയ അബ്ദുൽ ഹഖ് ആയിരുന്നു പരിപാടിയുടെ അവതാരിക.