മനാമ: മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിനു സമീപത്തുവെച്ച് സഞ്ചരിച്ച സൈക്കിളും കാറുമായി ഉണ്ടായ റോഡ് അപകടത്തിൽ വലതു കാലിലെ എല്ല് പൊട്ടി ഒരാഴ്ചയോളം കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ദീപു ചികിത്സാർത്ഥം നാട്ടിലേക്ക് പോയി. കഴിഞ്ഞ രണ്ടര വർഷമായി ബഹ്‌റിനിലെ ചീറ്റ് ട്രീറ്റ്‌സ് ബേക്കറിയിൽ ജോലി നോക്കിയിരുന്ന പാലക്കാട് ഒലവക്കോട് സ്വദേശി ദീപു ആശുപത്രിയിൽ നിന്നും വിട്ടയച്ച ശേഷവും നടക്കാൻ കഴിയാത്തതിനാൽ ജോലിക്ക് പോവാൻ സാധിക്കാതെ റൂമിൽ ഇരിക്കുകയായിരുന്നു. തുടർ ചികിത്സക്കുള്ള സഹായമോ നാട്ടിൽ പോയി ചികിത്സിക്കാൻ യാത്രാ ടിക്കറ്റോ ലഭിക്കാതെ വിഷമിച്ച ദീപുവിനെ ബഹ്‌റൈൻ പ്രതിഭ ഹെല്പ് ലൈൻ അംഗങ്ങളായ നൗഷാദ് പൂനൂർ, മനോജ് മാഹി,എന്നിവർ സന്ദർശിച്ചു. തുടർന്ന് പ്രതിഭ മുഹറഖ്-ബുസൈറ്റീൻ യൂണിറ്റ്കൾ സംയുക്തമായി നൽകാൻ തീരുമാനിച്ച യാത്രാ ടിക്കറ്റ് യൂണിറ്റ് സെക്രട്ടറിമാരായ സുലേഷ്, സന്തു പടന്നപ്പുറം എന്നിവർ ചേർന്ന് മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ, മേഖല മെമ്പർഷിപ്പ് സെക്രട്ടറി ഷീല ശശി, മേഖല കമ്മറ്റി അംഗം എൻ കെ അശോകൻ, ഹെല്പ് ലൈൻ അംഗം കണ്ണൻ മുഹറഖ് എന്നിവരുടെ സാന്നിധ്യത്തിൽ നൽകി. പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി. നാരായണൻ,സുബൈർ കണ്ണൂർ എന്നിവർ ദീപുവിന് കൊച്ചി വരെയുള്ള യാത്രയിൽ ആവശ്യമായ സഹായം നൽകുകയും കൊച്ചി വിമാനത്താവളത്തിൽ എത്തി ച്ചേർന്ന കുടുംബത്തിനൊപ്പം തുടർ ചികിത്സക്കായി പറഞ്ഞയക്കുകയും ചെയ്തു.