കാല്‍പന്ത് കളി സംഘാടകന്‍ ശിഹാബുദ്ധീന്‍ കപ്പൂരിന് ഡിഫ യാത്രയയപ്പ് നല്‍കി

By: Mujeeb Kalathil

ദമാം : പതിനൊന്നര വര്‍ഷത്തെ സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ കാല്‍പന്ത് കളി സംഘാടകനും ഖതീഫ് എഫ്.സി ജനറല്‍ സെക്രട്ടറിയുമായ ശിഹാബുദ്ധീന്‍ കപ്പൂരിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഹ്യദ്യമായ യാത്രയയപ്പ് നല്‍കി. നിലവില്‍ ഡിഫ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പ്രഥമ ഡിഫ സൂപ്പര്‍ കപ്പ് ഓര്‍ഗനൈസിംഗ് കമ്മറ്റിയില്‍ വളന്റിയര്‍ വിഭാഗം കണ്‍വീനറായി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്. ക്ലീന്‍ കെയര്‍ കമ്പനിയിലെ ജീവനക്കാരനായാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. കോവിഡ് മഹാമാരി കാലത്തെ ലോക്‌ഡൌണ്‍ കാലങ്ങളില്‍ വിദൂര പ്രദേശങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ച് കൊണ്ട് സാമൂഹ്യരംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടൂണ്ട്. സൗദിയിലെത്തുന്നതിന് മുമ്പ് മൂന്നര വര്‍ഷത്തോളം ദുബായിലും ജോലി ചെയ്തിട്ടുണ്ട്. അല്‍ കോബാര്‍ വെല്‍ക്കം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. വൈ.പ്രസിഡന്റ് മന്‍സൂര്‍ മങ്കട, ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സകീര്‍ വള്ളക്കടവ് എന്നിവര്‍ ചേര്‍ന്ന് ശിഹാബുദ്ധീന്‍   കപ്പൂരിന് ഡിഫയുടെ ഉപഹാരം സമ്മാനിച്ചു. വിത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരെ ഏറ്റവും അടുത്തറിയാനും അവരോടൊപ്പം കാല്‍പന്ത് മൈതാനങ്ങളില്‍ പരസ്പര സ്‌നേഹം പങ്ക് വെക്കാനും സാധിച്ചത് പ്രവാസ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകളായി നിലനില്‍ക്കുമെന്ന്  ശിഹാബുദ്ധീന്‍ കപ്പൂര്‍ യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഡിഫ ഭാരവാഹികളായ ശരീഫ് മാണൂര്‍, റഷീദ് മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.