ഡിഫ സൂപ്പർ കപ്പ്: ബദർ എഫ്.സി ചാമ്പ്യന്മാര്‍

ദമ്മാം: കഴിഞ്ഞ ഒന്നര മാസക്കാലത്തോളം  സൗദി കിഴക്കൻ പ്രവിശ്യയിൽ ഫുട്ബോൾ പോരാട്ടങ്ങളുടെ നിലക്കാത്ത ആവേശാരവങ്ങൾ സമ്മാനിച്ച ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഡിഫ സൂപ്പർ കപ്പ്_2024ന് ഉജ്ജ്വലമായ സമാപനം. വാശിയേറിയ  കലാശപോരാട്ടത്തിന്‍റെ മുഴുവൻ സസ്പൻസും നിറഞ്ഞ മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ രണ്ട് പ്രഗൽഭ ടീമുകൾ തമ്മിൽ ഏറ്റ്മുട്ടിയപ്പോൾ പൊരുതി കളിച്ച ഡിമ ടിഷ്യു ഖാലിദിയയെ സഡൻഡത്തിൽ കീഴടക്കി പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി കിരീടം ചൂടി.

റാക്കയിലെ അൽയമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് ഫുട്ബോൾ പ്രേമികളെ സാക്ഷിയാക്കി ആരംഭിച്ച കലാശപോരാട്ടത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം തകർത്ത് കളിച്ചു. ആക്രമണ പ്രത്യാക്രമണങ്ങൾ ഏറെ കണ്ട മത്സരത്തിന്‍റെ മുഴുവൻ സമയം പിന്നിട്ടപ്പോഴും ഇരു ടീമുകൾക്കും ഗോൾ കണ്ടത്താനായില്ല. ഗോളെന്നുറച്ച പല അവസരങ്ങളും കനത്ത പ്രതിരോധത്തിലും, ഇരു ടീമിലെയും ഗോൾകീപ്പർമാരുടെയും മികച്ച പ്രകടനത്തിലും തട്ടി തകർന്നു. തുടർന്ന് ടൈബ്രേക്കറിലൂടെ ജേതാക്കളെ കണ്ടത്തുന്നതിനായുള്ള ശ്രമത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.  അവസാനം വിജയികളെ കണ്ടത്താൻ സഡൻഡത്ത് തന്നെ വേണ്ടി വന്നു. സഡൻഡത്തിൽ ഖാലിദിയയുടെ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടിയപ്പോൾ അവസാന നിർണ്ണായക ഷോട്ട് ലക്ഷ്യത്തിലേക്കെത്തിച്ച് ബദർ ഡിഫ സൂപ്പർ കപ്പ് കിരീടം വീണ്ടും നില നിർത്തി. ഫൈനലിൽ ഖാലിദിയക്കായി തകർത്ത് കളിച്ച രോഹിത്താണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂർണ്ണമെന്‍റിന്‍റെ മികച്ച താരമായി സുഹൈൽ (ദല്ല എഫ്.സി), മികച്ച ഗോൾകീപ്പറായി സാദിഖ് (ബദർ എഫ്.സി), ഡിഫൻഡറായി വിഷ്ണുവർമ്മ (ഖാലിദിയ), ടോപ് സ്കോററായി നിയാസ് (ബദർ എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു, ഫയർപ്ലേ ട്രോഫിക്ക് ജുബൈൽ എഫ്.സി അര്‍ഹരായി.

ടൂർണ്ണമെന്‍റിറ്റെ സമാപന ചടങ്ങുകളുടെ ഔദ്യോഗിക ഉൽഘാടനം ദമ്മാം ഗവർണ്ണറേറ്റ് മാനേജർ തമീം അൽദോസരി  നിർവ്വഹിച്ചു. കാക്കു സേഫ്റ്റി മാനേജിങ്ങ് ഡയരക്ടർ മുബാറക്ക് കാക്കു, സ്വദേശി പൗരപ്രമുഖരായ ഈസ്സ അൽനാസ്, മിസ്ഫർ അൽ-ഗാംന്ദി, മാജിദ് അൽ നാസ്, സാമി ബൊവാസിർ, സഈദ് അലി ഖഹ്ത്താനി, സയ്യിദ് റുവദാൻ എന്നിവരും ഉൽഘാടന ചടങ്ങിൽ അതിഥികളായെത്തി. ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ അധ്യക്ഷനായിരുന്നു. അർജന്‍റീനിയന്‍ എ- ലവൽ കോച്ച് ജോസ് ക്ലാരമെന്‍റയ്ന്‍, ഒ.പി. ഹബീബ് (കെ.എം.സി.സി), ഷിഹാബ് കായംകുളം (ഒ.ഐ.സി.സി), ഉണ്ണി ഏങ്ങണ്ടിയൂർ (നവോദയ), വാഹിദ് കാര്യാറ (നവയുഗം), മാലിക് മഖ്ബൂൽ (സൗദി മലയാളി സമാജം), ഷബീർ ചാത്തമംഗലം (പ്രവാസി സാംസ്കാരിക വേദി) തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ഡിഫ രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, മുൻ ട്രഷറർ  അഷ്റഫ് സോണി,  സാമൂഹിക പ്രവർത്തകരായ കബീർ കൊണ്ടോട്ടി, റോണി ജോൻസി, ഷാഫിഡിമ ടിഷ്യു, മിന്‍റും-കാലക്സ്, തമീം നവാൽ , ലിയാഖത്തലി-ഡ്രീം ഡസ്റ്റിനേഷൻ, അഫ്സൽ അമീർ-റാഡിക്സ്  തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണ്ണമെന്‍റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ സ്വാഗതവും, ഡിഫ ട്രഷറർ ജുനൈദ് കാസർഗോഡ് നന്ദിയും പറഞ്ഞു. സഹീർ മജ്ദാൽ അവതാരകൻ ആയിരുന്നു. ടൂർണ്ണമെൻ്റ് കമ്മിറ്റി  ഭാരവാഹികളായ ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, മൻസൂർ മങ്കട, ഷരീഫ് മാണൂർ,  ആഷി നെല്ലിക്കുന്ന്, റാസിഖ് വള്ളിക്കുന്ന്, ഫസൽ ജിഫ്രി, റിയാസ് പറളി, അസ്സു കോഴിക്കോട്, റിയാസ് പട്ടാമ്പി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കോഴിക്കോട് തുടങ്ങിയവർ സംഘാടനത്തിന്‌ നേതൃത്വം നൽകി.