ഡിഫ സൂപ്പർ കപ്പ്:   ഇ.എം.എഫ്,  മാഡ്രിഡ് എഫ് സി, യു.എഫ് സി, ബദർ  സെമി പോരാട്ടങ്ങൾ

ദമ്മാം:  സൗദി കിഴക്കൻ പ്രവിശ്യയിൽ വീണ്ടും സോക്കർ ആരവങ്ങളുയർത്തി ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ റാക്കയിലെ  സ്പോർട്ട് യാർഡ്  സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച് വരുന്ന ഡ്രീം ഡെസ്റ്റിനേഷൻ -ഡിഫ സൂപ്പർ കപ്പിൽ ഫ്‌ളൈസെഡ്  ട്രാവൽസ് മാഡ്രിഡ് എഫ്.സി, ഗാലപ്  യുണൈറ്റഡ് എഫ്.സി, കംഫർട്ട് ട്രാവൽസ് ബദർ എഫ്.സി,  അസർ അൽ അന്ഷാത്ത് ഇ.എം.എഫ് റാക്ക, എന്നീ ടീമുകൾ സെമി ഫൈനലിൽ കടന്നു.  വെള്ളിയാഴ്ച നടക്കുന്ന ആവേശകരമായ ആദ്യ സെമി പോരാട്ടത്തിൽ പ്രമുഖരായ മാഡ്രിഡ് ക്ലബ്ബ് – ഇ.എം.എഫ് റാക്ക എഫ്- സിയുമായി ഏറ്റമുട്ടുമ്പോൾ രണ്ടാം സെമി ഫൈനലിൽ കരുത്തരായ യുണൈറ്റഡ് എഫ് – സി പ്രഗൽഭരായ ബദർ എഫ്-സിയുമായി മാറ്റുരക്കും.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ ടൂർണ്ണമെൻ്റിൻ്റെ കറുത്ത കുതിരകളായ ജുബൈൽ എഫ് -സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഡ്രിഡ് സെമിയിലിടം പിടിച്ചത്! മാഡ്രിഡിനായി കളിമെനഞ്ഞ സൽമാൻ ഷായായിരുന്നു ആദ്യ കളിയിലെ മാൻ – ഓഫ് -ദ- മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ പൊരുതി കളിച്ച യൂത്ത് ക്ലബ്ബ് അൽഖോബാറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിച്ചാണ് യു.എഫ്സി സെമിയിലേക്ക് കടന്നത്. മത്സരത്തിലെ രണ്ട് ഗോളുകളും നേടിയ യു.എഫ്.സിയുടെ റിൻഷാദ് ഇണ്ണിയായിരുന്നു മത്സരത്തിലെ മികച്ച താരമായത്. മൂന്നാം ക്വാർട്ടർ ഫൈനലിൽ എഫ്.സി ദമ്മാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് ഇ.എം.എഫ് സെമി ഫൈനലിസ്റ്റുകളായത്. ഇ എം.എഫ് ക്യാപ്റ്റൻ ജാബിറായിരുന്നു മത്സരത്തിലെ മികച്ച കളിക്കാരനായത്! അത്യന്തം ആവേശകരമായ അവസാന ക്വാർട്ടർ പോരാട്ടത്തിൽ തകർത്ത് കളിച്ച മലബാർ യുണൈറ്റഡ് എഫ്.സി.ക്കെതിരെ  ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചായിരുന്നു ബദർ എഫ്.സി യുടെ സെമി കുതിപ്പ്. ബദറിനായി അരങ്ങേറ്റ മത്സരം കളിച്ച്, മികച്ച പ്രകടനം കാഴ്ചവെച്ച ഫവാസ് കിഴിശ്ശേരി യായിരുന്നു കളിയിൽ മാൻ- ഓഫ്-ദ- മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
സൗദി  കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക- ജീവകാരുണ്യ   മേഖലകളിലെ കെ.എം.ബഷീർ, മുഹമ്മദ് നജാത്തി, ഹനീഫ റാവുത്തർ,അഷ്റഫ് ആലുവ, ഷാജി മതിലകം, എന്നിവർ  കളിക്കാരുമായി പരിജയപ്പെട്ടു. ഫിറോസ് കോഴിക്കോട്, മുസ്ഥഫ പാവേൽ, റഷീദ് മാളിയേക്കൽ, സഹീർ മുസ്ലിയാരങ്ങാടി, ഷഫീർ മണലോടി, ഷരീഫ് മാണൂർ ജാബിർ ഷൗക്കത്ത്, ജുനൈദ് കാഞ്ഞങ്ങാട് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
ടൂർണ്ണമെൻ്റ് കമ്മിറ്റി ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, ഷനൂബ് കൊണ്ടോട്ടി,മൻസൂർ മങ്കട, ലിയാഖത്തലി കരങ്ങാടൻ, മുജീബ് പാറമ്മൽ,  സഹീർ മജ്ദാൽ, ജൗഹർ കുനിയിൽ, ഖലീൽ റഹ്മാൻ, റിയാസ് പറളി തുടങ്ങിയവർ നേതൃത്വം നൽകി.