ഡിഫ സൂപ്പർ കപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക പ്രേമികൾക്ക് വീണ്ടും ഒരിക്കൽ കൂടി ഫുട്ബോൾ ആവേശത്തിന്‍റെ ആരവങ്ങള്‍ സമ്മാനിക്കുന്ന ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. കാല്‍പന്ത് കളി രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ദമ്മാം റോയൽ മലബാർ റെസ്റ്റാറന്‍റ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ഡിഫ ആക്ടിംങ്ങ് പ്രസിഡണ്ട് ഷഫീർ മണലൊടി ഉൽഘാടനം ചെയ്തു. ടൂർണ്ണമെന്‍റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ അധ്യക്ഷനായ ചടങ്ങിൽ ടൂർണമെന്‍റിന്‍റെ ഓഫിഷ്യല്‍ ലോഗോ മുഖ്യ പ്രായോജകരായ കാക്കു സേഫ്റ്റി മാനേജിങ് ഡയരക്ടർ മുബാറക്ക് നിർവ്വഹിച്ചു. ഫുട്ബോൾ സംഘാടന രംഗത്ത് ഏറെ പുതുമകൾ സമ്മാനിച്ച് സൗദിയിൽ നിറഞ്ഞ് നിൽക്കുന്ന ഡിഫയുടെ കീഴിൽ സംഘടിപ്പിക്കുന്ന ടൂർണ്ണമെന്‍റിന് പിന്തുണ നല്‍കാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷം നല്‍കുന്നതായും  കായിക പ്രേമികളുടെ ഫുട്ബോൾ ആവേശത്തോടൊപ്പം എന്നും തങ്ങൾ ഉണ്ടാവുമെന്നും മുന്‍ ഫുട്ബോള്‍ താരം കൂടിയായ മുബാറക് പറഞ്ഞു. ടൂര്‍ണമെന്‍റ് ജേഴ്സി പ്രകാശനം സഹ പ്രായോജകരായ കാലക്സ് സി.ഇ.ഒ ബിനീഷ് ജോർജ് നിർവ്വഹിച്ചു. ഡിഫ രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ് എന്നിവർ ആശംസകൾ നേര്‍ന്നു. സഹീർ മജ്ദാൽ അവതാരകനായിരുന്നു. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് കീഴിലെ ഇരുപത്തി മൂന്ന് ക്ലബ്ബുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്‍റ് ജൂണ്‍ ആറിന്‌ ദഹ്റാൻ എക്സ്പോക്ക് സമീപമുള്ള അല്‍ യമാമ യുനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്‌ സംഘടിപ്പിക്കപ്പെടുന്നത്. ഒന്നര മാസത്തോളം നീണ്ടു നില്‍ക്കുന്ന ഫുട്ബോള്‍ മേളയില്‍ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴ്സിയണിയും. ടൂർണ്ണമെന്‍റ് കമ്മിറ്റി ജനറൽ കൺവീനര്‍ റഫീഖ് കൂട്ടിലങ്ങാടി സ്വാഗതവും  ഡിഫ ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ഡിഫ ടെക്നിക്കൽ കമ്മിറ്റി മെമ്പർ റാസിക് വള്ളിക്കുന്ന്, ശരീഫ് മാണൂർ, ഷാഫി എന്നിവർ ഫിക്സ്ചർ ക്രമീകരണത്തിന് നേതൃത്വം നൽകി. ഡിഫയിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് കൊണ്ട് ഫതീന്‍ മങ്കട, ഖലീൽ റഹ്മാൻ, ലിയാഖത്തലി കരങ്ങാടൻ, റിയാസ് പറളി, റിയാസ് പട്ടാമ്പി, ഷുക്കൂർ അല്ലിക്കല്‍,  മഹ്റൂഫ് കൊണ്ടോട്ടി, ഫവാസ് കലിക്കറ്റ് , ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ആഷി നെല്ലിക്കുന്ന്, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗലൂര്‍, ടൈറ്റസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.