കൊച്ചി:- കൊച്ചിൻ പോർട്ടിൽ പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം കുറക്കുന്നതിനായുള്ള നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനേവാലിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ കാലതാമസം നേരിടുന്നതായും ഈ കാര്യം കൊച്ചിൻ പോർട്ടിൽ അനേഷിക്കുമ്പോൾ സാങ്കേതീക കാരണത്താലാണ് കാലതാമസം എന്ന് മാത്രമാണ് മനസിലാകുന്നത് എന്നും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. ഈ കാലതാമസം പാർസൽ ഡെലിവറി ചാർജ് ക്രമാതീതമായി ഉയർത്തുന്നതായും നിവേദനത്തിൽ പറയുന്നു.മറ്റ് തുറമുഖങ്ങളായ ചെന്നൈയിലും മുബൈയിലും മറ്റും യാതൊരു പ്രശ്നവുമില്ലാത്തതിനാൽ കൊച്ചി പോർട്ടിലേക്കയക്കുന്നതിന് പകരം മറ്റു തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള ചീഫ് സെക്രട്ടറിയോടും പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപെടുന്നുണ്ട്