ഡിഫ സൂപ്പര്‍ കപ്പിന്‌ വ്യാഴാഴ്ച്ച തുടക്കമാവും

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മകളുടെ ഏകീക്യത വേദിയായ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന മെഗാ ഫുട്ബോള്‍ മേള ഡിഫ സൂപ്പര്‍ കപ്പിന്‌ അല്‍ കോബാര്‍ റാക്ക സ്പോട്ട് യാഡ് സ്റ്റേഡിയത്തില്‍ മേയ് 26ന്‌ വ്യാഴാഴ്ച്ച തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇരുപത് ക്ലബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ഉല്‍ഘാടനം മേയ് 27ന്‌ വെള്ളിയാഴ്ച്ച വൈകിട്ട് 7.30ന്‌ നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാറ്റിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങികൊള്ളുക എന്ന വാചകമാണ്‌ മേളയുടെ സ്ലോഗണ്‍. വ്യാപാര വാണിജ്ജ്യ രംഗത്തെ പ്രമുഖരായ കിസ്റ്റോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കീഴിലെ ഡ്രീം ഡിസ്റ്റിനേഷന്‍സ് ട്രാവല്‍ ആന്‍റ് ഹോളിഡൈസാണ്‌ മേളയുടെ മുഖ്യ പ്രായോജകര്‍. കിക്കോഫ് ചടങ്ങില്‍ സാമൂഹ്യ സംസ്ക്കാരിക കായിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കു. കോവിഡ് മഹാമാരി മൂലം രണ്ട് വര്‍ഷത്തോളമായി നിശ്ചലമായ കളി മൈതാനങ്ങളെ പഴയ പ്രതാപ കാലത്തേക്ക് തിരിച്ച് കൊണ്ട് വരികയാണ്‌ ഡിഫാ കപ്പിന്‍റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

ടൂര്‍ണമെന്‍റ് സംഘാടനത്തിനായി എല്ലാ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രമുഖ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിയുന്നത്. ലക്ഷകണക്കിന് വരുന്ന വിദേശി സമൂഹത്തിന്റെ ജീവസന്ധാരണത്തിന് വഴിയൊരുക്കുകയും ഒപ്പം കോവിഡ് കാലത്ത് സ്വദേശികളെ പോലെ വിദേശികളെ ചേര്‍ത്ത് പിടിച്ച  സൗദി ഭരണകൂടത്തിന്‌ ദമാമിലെ കായിക പ്രേമികള്‍ നല്‍കുന്ന ഹ്യദയസമര്‍പ്പണം കൂടിയാണ് ഡിഫ സൂപ്പര്‍ കപ്പ്. മഹാമാരിക്ക് വിധേയരായി മരണത്തിന്‌ കീഴടങ്ങിയവരെ അനുസ്മരിക്കുകയും ഒപ്പം മഹാമാരി കാലത്ത് സേവന നിരതരായി മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാത്യക സമ്മാനിച്ച ആരോഗ്യ- സാമൂഹ്യ-സേവന രംഗത്തുള്ളവര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്ന അനുബന്ധചടങ്ങുകളും മേളയിലുണ്ടാകും.
പ്രവിശ്യയിലെ എല്ലാ ക്ലബുകളേയും ഒരുമിപ്പിച്ച് കൊണ്ട് 2009ലാണ് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. ആയിരത്തോളം വരുന്ന കളിക്കാര്‍ക്കും ഇരുപതില്‍ പരം ക്ലബുകള്‍ക്കും ശാസ്ത്രീയപരമായ നേത്യത്വം കൊടുക്കുകയും ദമാമില്‍ മികച്ച രീതിയില്‍ ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിന് അവസരം ഒരുക്കുകയാണ് ഡിഫ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രവാസ ലോകത്ത് എറ്റവും കൂടുതല്‍ ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കപ്പെടുന്ന പ്രദേശവും ഏറ്റവും മികച്ച കളിക്കാരുടെ സാന്നിധ്യവും ദമാമാണെന്നും ഡിഫ ഭാരവാഹികള്‍ അവകാശപ്പെട്ടു. ജീവകാരുണ്ണ്യ രംഗത്ത് മറുകൈ അറിയാതെ ഒരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയൂടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഡിഫ സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. കിസ്റ്റോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഒ ലിയാക്കത്ത് കരങ്ങാടന്‍, ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്‍റ് കമ്മറ്റി കണ്‍വീനര്‍ റഫീക് കൂട്ടിലങ്ങാടി, ഡിഫ ജന:സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ടെക്നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സകീര്‍ വള്ളക്കടവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.