ബിസിനസ്  സംരംഭകർക്ക് പദവി ശരിയാക്കുന്നതിനെ കുറിച്ച് ഡിഫ സെമിനാർ സംഘടിപ്പിച്ചു  

ദമാം: സൗദിയില്‍ ബിനാമി ബിസിനസ് പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ നടപടികളുമായി അധിക്യതര്‍ മുന്നോട്ട് വരുന്ന സാഹചര്യത്തിൽ പ്രവാസികളായിട്ടുള്ള സംരഭകർക്ക് മിസ ഇൻവെസ്റ്റ്മെന്റ് ലൈസൻസ് കരസ്ഥമാക്കുന്നതിനെക്കുറിച്ചും  അതിന്‍റെ പരിഷ്കാരങ്ങളേയും കുറിച്ച് ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) ബദർ അൽ റാബി   ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രവാസി വ്യവസായികൾക്കും  ചെറുകിട ബിസിനസ്  സംരംഭകർക്കും എങ്ങിനെ പദവി ശരിയാക്കാം, സൗദിയിലെ പുതിയ വാണിജ്യ സാധ്യതകൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സൗദി ബിസിനസ് കണ്‍സള്‍ട്ടന്‍റും ഈ രംഗത്തെ വിദഗ്ധനുമായ  നജീബ് മുസ്ലിയാരകത്ത് സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സൗദിയിൽ  ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർ ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരമുള്ള പദവി ശരിയാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്താൻ പ്രവാസികള്‍ മുന്നോട്ടുവരണമെന്ന് നജീബ് മുസ്ലിയാരകത്ത് ആവശ്യപ്പെട്ടു. ലോകത്ത് തന്നെ സുരക്ഷിതവും ഒപ്പം ഏറ്റവും ലാഭകരമായ ബിസിനസിന്‌ പറ്റിയ ഇടം സൌദി അറേബ്യയാണ്‌. നിയമാനുസൃത രീതിയിൽ സ്ഥാപനങ്ങൾ വിദേശികള്‍ക്ക് തുടങ്ങാന്‍ സാധിക്കുകയും ഒപ്പം സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിൽ സൗദി പൗരനും വിദേശിയും തമ്മിൽ പങ്കാളിത്തം സ്ഥാപിക്കലടക്കമുള്ള തുടങ്ങിയ സംവിധാങ്ങള്‍ സുരക്ഷിതമായ അന്തരീക്ഷമാണ്‌ നിക്ഷേപകര്‍ക്ക് ഉണ്ടാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം വഴി ബിനാമി ബിസിനസ് നിയമ ലംഘകരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം അധിക്യതര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും ഇനിയുള്ള കാലം ബിനാമി ബിസിനസ് സാധ്യമാകില്ലെന്നും നജീബ് മുസ്ലാരകത്ത് വിശദീകരിച്ചു. സദസില്‍ നിന്നുള്ള സംശയ നിവാരണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ദമാമിലെ സാമൂഹിക സംസ്കാരിക വ്യാപാര രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച പരിപാടിയില്‍ ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍ ആമുഖമായി സംസാരിച്ചു. അബ്ദുള്ള അല്‍ ഖഹ്താന്‍ പരിപാടിയില്‍ മുഖ്യാഥിതിയായിരുന്നു. ഖാദര്‍ ചെങ്കള, നാസ് വക്കം, മുഹമ്മദ് കുട്ടി കോഡൂര്‍, ഷാജി മതിലകം, ആല്‍ബിന്‍ ജോസഫ്, ഷഫീക് സി.കെ., അഷ് റഫ് ആലുവ, ജാംജു അബ്ദുല്‍ സലാം, ഹമീദ് വടകര, ടി.കെ.കെ. ഹസ്സന്‍, സുബൈര്‍ ഉദിനൂര്‍, സിറാജ് വെഞ്ഞാറാമൂട്, റഫീക് ചെമ്പ്റോത്തല, റഫീക് കൂട്ടിലങ്ങാടി, ഷമീര്‍ കൊടിയത്തൂര്‍, ജൗഹർ കുനിയിൽ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സഹീർ മജ്‌ദാൽ അവതാരകനായിരുന്നു. പരിപാടിയുടെ പ്രായോജകരായ വൈ വൈ നൂഡില്‍സിന്‌ വേണ്ടി ആങ്കൂര്‍ ശര്‍മ്മ ഡിഫയുടെ ഉപഹാരം ഏറ്റ് വാങ്ങി. ലിയാക്കത്ത് കരങ്ങാടന്‍ നന്ദി പ്രകാശിപ്പിച്ചു. നാസർ വെള്ളിയത്ത്, മുജീബ് പാറമ്മൽ, റിയാസ് പറളി, റഷീദ് മാളിയേക്കൽ, ഷുക്കൂർ നിരോൽപാലം, ആശി നെല്ലിക്കുന്ന്, സഫീർ മണലൊടി, അനസ് മങ്കട എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.