മനാമ :ദിശ സെന്റർ ബഹ്റൈൻ, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി ഈദ് സന്ദേശം നൽകി. മാനവിക സാഹോദര്യത്തിന്റെ ആഘോഷമാണ് ബലിപ്പെരുന്നാൾ എന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നത് പോലും ദൈവ സ്മരണക്ക് മുമ്പിൽ സമർപ്പിക്കാനുള്ള സന്ദേശമാണ് ഈദ് നൽകുന്നത്. മനുഷ്യർ തമ്മിലുള്ള സഹോദര്യവും ഐക്യവും ആണ് എല്ലാ ആഘോഷങ്ങളിലൂടെയും സംഭവിക്കേണ്ടത്. എല്ലാ മതങ്ങളും ആദർശങ്ങളും മനുഷ്യനു പകർന്നു നൽകുന്നത് ഇത്തരം പാഠങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിക്ക് കൊഴുപ്പേകി. അറബിക് ഗാനം, സംഘഗാനം , നൃത്തം , സംഘ നൃത്തം തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് വേറിട്ട അനുഭവമായി. അമൽ സുബൈറിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദിശ ഡയറക്റ്റർ അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. മനാമ ഏരിയ കൺവീനർ ഷമീം നന്ദി പറഞ്ഞു. ഫ്രന്റ്സ് ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റ്റുമാരായ ജമാൽ ഇരിങ്ങൽ, എം. എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ് എന്നിവർ സന്നിഹിതരായിരുന്നു. സംഘാടക സമിതി അംഗങ്ങളായ ജലീൽ, ഫസലു റഹ്മാൻ, ഗഫൂർ മൂക്കുതല,നൗഷാദ്, സമീറ നൗഷാദ്, ഷമീം,റഷീദ സുബൈർ,നസീലഷഫീക്, സലാം,നാസർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.