അബുദാബി: കോവിഡ് ബാധിതരുടെ സേവനത്തിനായി ഉപയോഗിക്കുന്ന ആംബുലൻസ് ഉൾപെടെയുള്ള വാഹനങ്ങളെയും ജീവനക്കാരെയും (സിബിഎൻആർ) അണുവിമുക്തമാക്കുന്ന നടപടി അബുദാബി പൊലീസ് ഊർജിതമാക്കി. ഇതോടകം 48,383 തവണ ആംബുലൻസുകൾ അണുവിമുക്തമാക്കി. അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയും മഫ്റഖ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് നടപടി. കോവിഡിനെതിരെയുള്ള സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ഓരോ തവണ രോഗികളുമായി പോകുന്ന വാഹനം അണുവിമുക്തമാക്കിയ ശേഷമേ അടുത്ത യാത്രയ്ക്ക് ഒരുങ്ങൂവെന്നും പൊലീസ് അറിയിച്ചു.