മനാമ: ‘ഏതൊരു ഉൽപ്പന്നത്തിനും അതിന്റെ ഉപയോഗത്തെ വിശദീകരിക്കുന്ന യൂസർ മാന്വൽ ഉള്ളത് പോലെ ഒരു മനുഷ്യന്റെ ജീവിതം എങ്ങിനെ ക്രമപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന ഒന്നാണ് പരിശുദ്ധ ഖുർആൻ’ എന്ന് ഡോ. ജൗഹർ മുനവ്വിർ ഓർമ്മിപ്പിച്ചു.റയ്യാൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രഭാഷണ പരിപാടികളുടെ ഭാഗമായി ഈസ ടൗൺ അൽ ഇഹ്‌സാൻ സെന്ററിൽ ഖുർആൻ പഠനവുമായി ബന്ധപ്പെട്ട് ” ഈ ഗ്രൻഥം നിങ്ങൾ അറിഞ്ഞുവോ?” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഖുർആനി ന്റെ വെളിച്ചത്തിൽ നിന്നും അകന്നുള്ളൊരു ജീവിതം ഒരു വിശ്വാസിക്കും അഭികാമ്യമല്ലെന്നും നമുക്ക് നൽകപ്പെട്ട സൗകര്യം പരമാവധി ഉപയോഗിച്ച് കൊണ്ട് അത് കരസ്ഥമാക്കാൻ ഓരോ വിശ്വാസിയും പ്രയത്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനറൽ സെക്രട്ടറി രിസാലുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സമീർ ഫാറൂഖി സ്വാഗതവും റഷീദ് മാഹി നന്ദിയും പറഞ്ഞു.