വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ പരിശോധനയ്ക്ക് ഡ്രൈവ്-ത്രൂ സംവിധാനം

ദോഹ: വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ കോവിഡ്-19 പരിശോധന നടത്താന്‍ ഡ്രൈവ്-ത്രൂ സംവിധാനത്തിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഡ്രൈവ്-ത്രൂ കോവിഡ്-19 പരിശോധന ആരംഭിച്ചത്. വിദേശത്ത് നിന്ന് വീടുകളില്‍ മടങ്ങിയെത്തി ക്വാറന്റീനില്‍ കഴിയുന്ന ഇതുവരെ പരിശോധനക്ക് വിധേയമാകാത്തവര്‍, ക്വാറന്റീനില്‍ വ്യവസ്ഥകള്‍ പാലിച്ചുകൊള്ളാമെന്ന അഫിഡവിറ്റില്‍ ഒപ്പിട്ട് നല്‍കിയ ശേഷം വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍, മാര്‍ച്ച് 10 നും 21 നും ഇടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്തിവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കാണ് പരിശോധനയുടെ പ്രയോജനം ലഭിക്കുന്നത്. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് കോവിഡ്-19 പരിശോധന നടത്തണമെങ്കില്‍ 16060 എന്ന നമ്പറില്‍ വിളിച്ച് ഓപ്ഷന്‍ രണ്ടു തിരഞ്ഞെടുത്തു പരിശോധനക്കായി ആരോഗ്യ അധികൃതര്‍ എത്തേണ്ട സമയം ക്രമീകരിക്കാം. വിളിക്കുന്നവര്‍ മുഴുവന്‍ പേര്, ഖത്തര്‍ ഐഡി നമ്പര്‍, മേല്‍വിലാസം (കെട്ടിടത്തിന് പുറത്ത് പതിപ്പിച്ചിരിക്കുന്ന നീല ബോര്‍ഡിലെ മുഴുവന്‍ വിലാസവും), ഖത്തറിലേക്ക് തിരിച്ചെത്തിയ തീയതി, തിരികെ എത്തിയ വിമാനത്തിന്റെ നമ്പര്‍ എന്നിവയെല്ലാം നല്‍കിയിരിക്കണം.