ദോഹ : ഖത്തറിൽ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളുടെ കൊച്ചിയിലേക്കുള്ള വിമാന യാത്രാ തീയതിയില്‍ മാറ്റം. നേരത്തെ മേയ് 7 നാണ് കൊച്ചിയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യയുടെ ആദ്യ വിമാനം മേയ് 9ന് (ശനിയാഴ്ച) ആണ്. വൈകിട്ട് പ്രാദേശിക സമയം ഏഴിന് ദോഹയില്‍ നിന്ന് വിമാനം കൊച്ചിക്ക് പുറപ്പെടും. സാങ്കേതിക പ്രശ്നങ്ങളാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ കാരണമെന്നാണ് സൂചന. 200 പ്രവാസി മലയാളികളാണ് കൊച്ചി വിമാനത്തില്‍ ഉണ്ടാകുക. യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐസിസി) ഇന്ന് രാവിലെ തുടക്കമായി. എയര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ഐസിസിയില്‍ നേരിട്ടെത്തിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നത്. കൊച്ചിയിലേക്ക് 16,000 ഇന്ത്യന്‍ രൂപയാണ് നിരക്ക്. സമൂഹ അകലം ഉറപ്പാക്കി കൊണ്ടാണ് ടിക്കറ്റ് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന് പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഫിസില്‍ പോയി ടിക്കറ്റ് വാങ്ങാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരമാണ് എംബസിയുടെ എപ്പെക്സ് സംഘടനയായ ഐസിസിയില്‍ അതിനുള്ള സൗകര്യം ഒരുക്കിയത്.
ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ശേഖരിച്ച് അത്പ്രകാരമുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കി യാത്രക്കാരെ തിരഞ്ഞെടുത്തത് ഇന്ത്യന്‍ എംബസിയാണ്. പ്രവാസികളില്‍ ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്, പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്ന് എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 40,000 പേരാണ് എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഇന്ന് വീണ്ടും പുനരാരംഭിക്കും.
ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഖത്തറില്‍ നിന്ന് മേയ് 9 ന് കൊച്ചിയിലേക്കും മേയ് 10ന് തിരുവനന്തപുരത്തേക്കും രണ്ട് വിമാനങ്ങളാണ് പോകുന്നത്. ആദ്യ ഘട്ടത്തില്‍ മലബാറിലേക്ക് വിമാന സര്‍വീസില്ല. അതേസമയം മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നെല്ലാം കോഴിക്കോട്ടേക്ക് സര്‍വീസുകളുണ്ട്. മേയ് 10 ന് വൈകിട്ട് 4 ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം ഇന്ത്യന്‍ സമയം രാത്രി 10.45 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തും. ദോഹയില്‍ നിന്ന് തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കിയാണ് യാത്രക്കാരെ കയറ്റുന്നത്. എന്നാല്‍ കോവിഡ്-19 പരിശോധന നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളില്‍ കൃത്യത വന്നിട്ടില്ല. സമൂഹ അകലം പാലിച്ചു കൊണ്ടല്ല വിമാന യാത്ര എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.