മസ്കത്ത്: കോവിഡ്-19 ബാധിച്ചവർ നോമ്പെടുക്കേണ്ടതില്ലെന്ന് ഒമാൻ അസി. ഗ്രാൻറ് മുഫ്തി ശൈഖ് കഹ്ലാൻ അൽ ഖാറൂസി. കോവിഡ് മഹാമാരിയും മറ്റ് അസുഖങ്ങളും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. അസുഖങ്ങളുള്ളവർ നോമ്പെടുക്കുന്നത് സംബന്ധിച്ച് ഡോക്ടർമാരുടെ ഉപദേശം തേടണമെന്ന് അസി. ഗ്രാൻറ് മുഫ്തി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡോക്ടർമാർ നോമ്പെടുക്കരുതെന്ന് നിർദേശിച്ചവർ ഒരു കാരണവശാലും അത് ചെയ്യരുത്. ഇതോടൊപ്പം നിലവിലെ സാഹചര്യത്തിൽ നോമ്പെടുക്കുന്നത് വഴി അസുഖ ബാധിതർ ആകുമെന്ന ചിന്തയും മാറ്റിവെക്കണം. ആരോഗ്യവാന്മാരായ മനുഷ്യർ നോമ്പെടുക്കാതിരിക്കുന്നത് തെറ്റായ പ്രവൃത്തിയാണെന്നും അസി. ഗ്രാൻറ് മുഫ്തി പറഞ്ഞു. നോമ്പെടുക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയോ രോഗപ്രതിരോധ ശേഷി കുറക്കുകയോ ഇല്ല. ആരോഗ്യവന്മാരായ മനുഷ്യർ പതിവായി നോമ്പെടുക്കുന്നത് അവരുടെ പ്രതിരോധശേഷി വർധിപ്പിക്കും. അസുഖംമൂലം നോമ്പെടുക്കാൻ സാധിക്കാത്തവർ അത് പിന്നീട് പിടിച്ചുവീട്ടിയാൽ മതിയാകും. മഹാമാരിയുടെ സാഹചര്യത്തിൽ റമദാൻ വ്രതം സംബന്ധിച്ച് പ്രത്യേക മതവിധികൾ ഇല്ലെന്നും അസി. ഗ്രാൻറ് മുഫ്തി അറിയിച്ചു. പ്രാർഥനകൾ വീടുകളിൽ നിർവഹിക്കണമെന്നും അസി. ഗ്രാൻറ് മുഫ്തി അറിയിച്ചു