ആധായനികുതിയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് തടയാനും ഇരു രാജ്യങ്ങളും ഉടനെ കരാറിലെത്തും. ഇന്ത്യയിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി ചര്‍ച്ച നടത്തിയ ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. 2020 ആഗസ്റ്റില്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അല്‍ ബുസൈദിയുടെ പ്രഥമ ഇന്ത്യന്‍ പര്യടനമാണിത്.
ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ് എന്ന പ്രമേയത്തിലുള്ള ഗ്രീന്‍ ഗ്രിഡ്സ് ഇനീഷ്യേറ്റീവുമായി ബന്ധപ്പെട്ട് പുതുക്കാവുന്ന ഊര്‍ജ മേഖലയില്‍ സഹകരണത്തിനുള്ള ശക്തമായ ശേഷി ഇരു രാജ്യത്തിനുമുണ്ടെന്ന് മന്ത്രിമാര്‍ വിലയിരുത്തി. ഹരിത ഹൈഡ്രജന്റെയും ഹരിത അമോണിയയുടെയും ആഗോള ഹബ്ബെന്ന നിലയില്‍ ഒമാനെ പരിപോഷിപ്പിക്കാനുള്ള ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെയും ദേശീയ ഹരിത ഹൈഡ്രജന്‍ പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദര്‍ശനങ്ങളില്‍ സാമ്യതയുണ്ടെന്ന് വിലയിരുത്തി. പുതുക്കാവുന്ന ഊര്‍ജം, ഹരിത ഹൈഡ്രജന്‍, ഹരിത അമോണിയ തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ തേടാന്‍ ധാരണയായി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശാസ്ത്ര- സാങ്കേതികവിദ്യാ സഹകരണ പദ്ധതി ഒപ്പുവെക്കുന്നതിനെ സ്വാഗതം ചെയ്തു.
കൊവിഡിനെ തുടര്‍ന്നുള്ള തിരിച്ചുവരവ് സംബന്ധിച്ച് ശക്തമായ സൂചനകളാണ് ഇരുരാജ്യങ്ങളും പ്രകടിപ്പിക്കുന്നത്. മഹാമാരി കാലത്തും പരസ്പര വ്യാപാരം തുടര്‍ന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ വ്യാപ്തിക്കനുസരിച്ച് വ്യാപാരം മെച്ചപ്പെടുത്താനുള്ള ശേഷി ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. പ്രധാനപ്പെട്ട കാര്‍ഷിക ചരക്കുകകളുമായി ബന്ധപ്പെട്ട വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതില്‍ നല്ല പുരോഗതിയുണ്ട്. വിവിധ നിക്ഷേപ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും വിലയിരുത്തി.
മഹാമാരി കാലത്ത് ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ പരിപാലിച്ചതിന് വിദേശകാര്യ മന്ത്രി ഒമാനിനോട് നന്ദി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് മേഖലയില്‍ ആദ്യമായി അംഗീകരിച്ച രാജ്യം ഒമാനായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധ ബന്ധത്തെയാണ് ഇത് കാണിക്കുന്നത്. മഹാമാരി സമയത്ത് പ്രധാനപ്പെട്ട മരുന്നുകളും വെന്റിലേറ്ററുകളും ഓക്ജിനും മറ്റ് ഉപകരണങ്ങളും ഒമാന്‍ നല്കിയ ഇന്ത്യയോട് അല്‍ ബുസൈദി നന്ദി പറഞ്ഞു. മാത്രമല്ല എയര്‍ ബബിള്‍ ക്രമീകരണം ഇരുരാജ്യത്തെയും പൗരന്മാര്ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. കൊവിഡിന് മുമ്പുള്ള ശേഷിയില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ഇന്ത്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
പ്രതിരോധ മേഖലയിലെ സഹകരണം തുടരും. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ പതിനൊന്നാം സംയുക്ത സൈനിക സഹകരണ സമിതി യോഗം നടത്തിയിരുന്നു. ഇരുരാജ്യത്തെയും പ്രതിരോധ സെക്രട്ടറിമാരാണ് അധ്യക്ഷത വഹിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പല്‍ വിക്രാന്തില്‍ യാത്ര ചെയ്ത ആദ്യ വിദേശ പ്രതിനിധിയായിരുന്നു ഒമാന്‍ പ്രതിരോധ മന്ത്രാലയത്തിലെ സെക്രട്ടറി ജനറല്‍. റോയല്‍ നേവി ഒമാന്റെ കമാന്‍ഡറും ആദ്യമായി കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സമുദ്രമേഖലയിലെ ബോധവത്കരണം വര്‍ധിപ്പിക്കുന്നതിന് വൈറ്റ് ഷിപ്പിംഗ് വിവരം കൈമാറുന്നത് ആരംഭിക്കാനും തീരുമാനിച്ചു.വാ ണിജ്യ മന്ത്രിമാരുടെ ജോയിന്റ് കമ്മീഷന് യോഗം, വിദേശകാര്യ മന്ത്രിമാരുടെ ഇന്ത്യ- ഒമാന്‍ തന്ത്രപ്രധാന ഉപദേശക സംഘത്തിന്റെ യോഗം, തന്ത്രപ്രധാന കൂടിക്കാഴ്ച, തൊഴിലുമായി ബന്ധപ്പെട്ട സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് എന്നിവ എത്രയും വേഗം ചേരാന്‍ ധാരണയായി. ബഹിരാകാശം, ഖനനം, സമുദ്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണമുണ്ടാകും. മുന്‍ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് 2019ല്‍ ഗാന്ധി സമാധാന അവാര്‍ഡ് നല്‍കിയത് ഇരു മന്ത്രിമാരും സ്മരിച്ചു.