ദമ്മാം: നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നീറ്റ് പരീക്ഷക്ക് സൗദിയിലും സെൻറർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി സമ്മാൻ പുരസ്കാര ജേതാവും, വ്യവസായിയുമായ ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡറെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുവാൻ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സൗദിയിൽ മാത്രം സയൻസ് വിഭാഗത്തിൽ പ്ലസ്ടു പരീക്ഷ എഴുതിയത് 1200 ഓളം കുട്ടികളാണ്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയിൽ പെട്ട് 2020ൽ പരീക്ഷ കഴിഞ്ഞ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ നഷ്ടമായി. ഇത്തവണയും സാഹചര്യം അനുകൂലമല്ല. ജി സി സിയിൽ കുവൈറ്റിലും യു.എ.ഇ യിലും സെൻററുകൾ ഉണ്ടെങ്കിലും സൗദിയിൽ നിന്ന് അങ്ങോട്ടുള്ള യാത്രകളും തിരിച്ചു വരവും സാധ്യമല്ല. മാത്രമല്ല ഒരു ഡോസ് മാത്രം വാക്സിൻ സ്വീകരിച്ച കുട്ടികൾ കുൈവറ്റിൽ എത്തിയാൽ കോറൈൻറനും നിർബന്ധമാകും.
ഈ കോവിഡ് കാലഘട്ടത്തിൽ പ്രവാസി കുടുബങ്ങളുടെ’ സാമ്പത്തികബാധ്യത യോടൊപ്പം മാനസികസമ്മർദ്ദവും കൂട്ടുന്ന സാഹചര്യങ്ങളാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അംബാസിഡർ ഡോക്ടർ ഔസാഫ് സഈദുമായുള്ള സംസാരത്തിൽ ആത്മാർത്ഥമായി അദ്ദേഹം ഇതിനായി ഇടപെടലുകൾ നടത്തുന്നുണ്ട് എന്നാണ് ബോധ്യമായത്. രജിസ്ട്രേഷൻ അവസാനിക്കാൻ കേവലം 10 ദിവസം മാത്രമുള്ളതിനാൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് അംബാസിഡറോഡ് സൗദിയിലെ പ്രവാസി സമൂഹത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം നമ്മുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് എക്സാം സെൻറർ അനുവദിച്ചാൽ മറ്റ് സെൻസറുകളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ കുട്ടികൾക്ക് സെൻറർ മാറുന്നതിനുള്ള സൗകര്യവും ഉന്നയിച്ചിട്ടുണ്ട്.
റിയാദിലും ജിദ്ദയിലും ഉള്ള എംബസി അംഗങ്ങളിൽ വച്ച് നടത്തുകയോ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുവാദത്തോടുകൂടി ഇന്ത്യൻ സ്കൂളുകളിൽ സെൻറർ സജ്ജീകരിക്കുന്നത് സൗദിയിലുള്ള പ്രവാസി കുടുംബങ്ങൾക്ക് ഏറെ ആശ്വാസവും സൗകര്യപ്രദവും ആവും.സൗദിയിലെ സ്കുളുകൾ ഫിസിക്കലായി തുറക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത് ഏറെ അനുകൂല നിലപാടായാണ് അനുഭവപ്പെടുന്നത്. സൗദിയിലെ വിവിധ സംഘടനകളും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിെൻറ കൂട്ടായ സമ്മർദ്ദം അനുകൂല നിലപാട് ലഭ്യമാകാൻ പര്യാപ്തമാണന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
നീറ്റ് പരീക്ഷ : സൗദിയിലും സെൻറർ അനുവദിക്കുമെന്ന് പ്രതീക്ഷ ഡോ: സിദ്ദീഖ് അഹമ്മദ്
By : Mujeeb Kalathil