മനാമ : ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ എംബസിയും, ബഹറിൻ കൾച്ചറൽ അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ കലാസന്ധ്യയായി മാറിയ, 12 ദിവസം നീണ്ട് നിൽക്കുന്ന ഇൻഡോ – ബഹ്റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവൽ ന്റെ ഭാഗമായി മെയ് 9 ന് രാത്രി 8 മണിക്ക് “ബുദ്ധ – ദി ഡിവൈൻ ” എന്ന ഡാൻസ് ഡ്രാമ അരങ്ങേറുന്നു.
ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തിയുടെ മേൽനോട്ടത്തിൽ വിദ്യാശ്രീ രചനയും കോറിയോഗ്രാഫിയും സംവിധാനവും നിർവ്വഹിച്ച ഈ നൃത്ത നാടകത്തിൽ 40 ഓളം കലാകാരന്മാർ അണിനിരക്കുന്നു. ഗൗതമ ബുദ്ധയുടെ പ്രിയ പത്നി ദേവി യശോധരയുടെ കണ്ണിലൂടെ ബുദ്ധയുടെ ജീവിതം നോക്കി കാണുന്നതാണ് ഈ കലാസൃഷ്ടി. പ്രശസ്ത സംസ്കൃത പണ്ഡിതനായ ഡോ. എൽ സമ്പത്തിന്റെ വരികൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനും എ ആർ റഹ്മാന്റെ ഓസ്കാർ നേടിയ ഓർക്കസ്ട്രയിലെ അംഗവുമായ ശ്രീ. പാലക്കാട് ശ്രീറാം ആണ്. ഈ ദൃശ്യവിരുന്നിന് ലൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് ലോകപ്രശസ്തനായ നാടകകൃത്തും സെറ്റ് ഡിസൈനറും സംവിധായകനും തിയേറ്റർ അക്കാദമിഷ്യനുമായ ഡോ. സാംകുട്ടി പട്ടങ്കരിയാണ്. ജേക്കബ് ക്രിയേറ്റീവ്ബീസ് ക്രിയേറ്റീവ് ഡയറക്ടറും വിനോദ് വി.ദേവനും നയൻ താര സലീമും അസോസിയേറ്റ് ഡയറക്ടർമാരുമായ ഈ മെഗാ ഡാൻസ് ഷോ തീർച്ചയായും ബഹ്റൈനിലെ കലാസ്വാദകർക്ക് ഒരു പുതിയ ദൃശ്യവിരുന്നായിരുക്കുമെന്നും അധികൃതർ അറിയിച്ചു.