ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന

file pic

മസ്‌കറ്റ്: പത്ത് വര്‍ഷത്തിനിടെ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 1,425,581 ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. 2007ല്‍ ഇത് 718,697 ആയിരുന്നുവെന്നും റോയല്‍ ഒമാന്‍ പോലീസ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നത് വര്‍ധിക്കാന്‍ വിവിധ കാരണങ്ങളാണ് പറയപ്പെടുന്നത്. ജനസംഖ്യാ വര്‍ധനവിനൊപ്പം കൂടുതല്‍ പേരും സ്വന്തം വാഹനം ഉപയോഗിച്ച് ജോലി സ്ഥലത്ത് പോകുന്നതും വരുന്നതും വര്‍ധിച്ചു. വിദേശ തൊഴിലാളികളുടെ കുടുംബങ്ങള്‍ രാജ്യത്ത് കൂടുതലായി എത്തിയത് പലരെയും സ്വന്തം വാഹനമെന്ന തോന്നലിന് പ്രേരിപ്പിച്ചു. ദേശീയ സ്ഥിതി വിവര വിഭാഗത്തിന്റെ കണക്ക് പ്രകാരം ഡിസംബറില്‍ രാജ്യത്തെ ജനസംഖ്യ 4,549,655 ആണ്. 2007ലെ ജനസംഖ്യ 2,593,750 ആയിരുന്നു.