മസ്കറ്റ് :ഒമാൻ കടലിൽനിന്ന് വിവിധ രാജ്യങ്ങളുടെ സുരക്ഷാസേന 3,534 കിലോ ഹഷീഷ് പിടിച്ചെടുത്തു. വിപണിയിൽ 1.8 ദശലക്ഷം ഡോളർ വിലവരുന്നതാണ് പിടിച്ചെടുത്ത ഹഷീഷ്. ഫ്രഞ്ച് കപ്പലായ എഫ്.എസ് കൗബറ്റാണ് സംയുക്ത സേനയുെട സഹായത്തോടെ മയക്കുമരുന്ന് പിടിച്ചെടുത്തത്. 33 രാജ്യങ്ങളുടെ സാന്നിധ്യമുള്ള കംബൈൻ മറൈൻ ഫോഴ്സ്ആണ് ഇതുസംബന്ധമായ വാർത്ത പുറത്തുവിട്ടത്. ചെങ്കടൽ, ഏതൻ കടൽ, സോമാലിയൻ കടൽ, ഇന്ത്യൻ മഹാസമുദ്രം, ഗൾഫ് കടൽ എന്നീ അന്താരാഷ്ട്ര സമുദ്ര മേഖലയിലെ സുരക്ഷക്കാണ് കംബൈൻ മറൈൻ ഫോഴ്സ് രൂപവത്കരിച്ചിരിക്കുന്നത്.
ഇൗ പിടിച്ചെടുക്കൽ ഏറെ നിർണായകമാണെന്ന് സംയുക്ത സേനയിൽ അംഗമായ റോയൽ ആസ്ട്രേലിയൻ നേവിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
സേനാംഗങ്ങളുടെ ജാഗ്രതയും തൊഴിൽ വൈദഗ്ധ്യവും നൈപുണ്യവുമാണ് ലഹരി പിടിച്ചെടുക്കാൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
റോയൽ ന്യൂസിലൻഡ് നേവി, റോയൽ കനേഡിയൻ നേവി എന്നിവയുടെ അംഗങ്ങൾ അടങ്ങിയ റാൻ സേനയും തീവ്രവാദി സംഘടനകൾക്ക് വൻ തിരിച്ചടിയാണ് നൽകുന്നത്. തീവ്രവാദികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളും കടൽ ആധിപത്യവും സേനക്ക് തടയാൻ കഴിയുന്നുണ്ട്.